പാക് നടൻ ഫവാദ് ഖാന്‍റെയും ഗായകൻ ആതിഫ് അസ്ലമിന്‍റെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നിയന്ത്രിച്ച പാകിസ്താൻ സെലിബ്രിറ്റികളുടെ പട്ടികയിൽ നടൻ ഫവാദ് ഖാനും ഗായകൻ ആതിഫ് അസ്ലമും. ആദത്ത്, തു ജാനേ നാ, തേരാ ഹോണെ ലഗാ ഹൂൺ, തേരേ ബിൻ, പെഹ്ലി നസർ മേം തുടങ്ങിയ ഐക്കണിക് ഹിറ്റുകൾക്ക് പേരുകേട്ട ആതിഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലും എക്‌സ് അക്കൗണ്ടും ശനിയാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ല.

കഴിഞ്ഞ ആഴ്ച, ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് ഹാനിയ ആമിർ, മഹിര ഖാൻ, അലി സഫർ, അർഷാദ് നദീം എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ അപ്രത്യക്ഷമായി. 2016 ലെ റൊമാന്റിക് ചിത്രമായ സനം തേരി കസം എന്ന സിനിമയിൽ ഹർഷ്‌വർദ്ധൻ റാണെക്കൊപ്പം അഭിനയിച്ച നടി മാവ്‌റ ഹോകെയ്‌നെയും ഇന്ത്യയിൽ വിലക്ക് നേരിടുന്നുണ്ട്.

നിയന്ത്രിത അക്കൗണ്ടുകൾ കാണാൻ ശ്രമിക്കുമ്പോൾ, “ഇന്ത്യയിൽ അക്കൗണ്ട് ലഭ്യമല്ല. ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യർഥന പാലിച്ചതിനാലാണ് ഇത്” എന്ന സന്ദേശമാണ് കാണുന്നത്. ഭീകരാക്രമണത്തെത്തുടർന്ന് ഫവാദ് ഖാന്‍റെ 'അബിർ ഗുലാൽ' എന്ന സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിരുന്നു. പാകിസ്താനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. അതേസമയം, അബിർ ഗുലാൽ നായിക വാണി കപൂർ സിനിമയുമായി ബന്ധപ്പെട്ട തന്‍റെ എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളും ഡിലീറ്റ് ചെയ്തു.

Tags:    
News Summary - Pakistani actor Fawad Khan, singer Atif Aslam's Instagram accounts restricted in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.