ചലച്ചിത്ര സംവിധായകനും മുൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) മേധാവിയുമായ പഹ്‌ലജ് നിഹലാനി അടുത്തിടെ അഭിനേതാക്കളുടെ വർധിച്ചുവരുന്ന ചെലവുകളെക്കുറിച്ച് സംസാരിച്ചിരുന്നു. 2003ലെ തലാഷ്: ദി ഹണ്ട് ബിഗിൻസ് എന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങിൽ ഇടപെട്ട അക്ഷയ് കുമാർ കരീന കപൂറിനെ പ്രധാന വേഷത്തിൽ അവതരിപ്പിക്കണമെന്ന് നിർബന്ധിച്ചതിനെക്കുറിച്ചും അദ്ദേഹം ഓർമിച്ചു.
ലേൺ ഫ്രം ദി ലെജൻഡ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ കാസ്റ്റിങ്, അഭിനേതാക്കൾ തീരുമാനിക്കുന്നത് തനിക്ക് പരിചയമുള്ളതല്ലെന്ന് പഹ്‌ലജ് വ്യക്തമാക്കി. നിർമാതാക്കളും സംവിധായകരും മാത്രമേ അത്തരം തീരുമാനങ്ങൾ എടുക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കാലം മാറിയെന്നും ഇന്നത്തെ അഭിനേതാക്കൾ സംവിധായകരെപ്പോലും നിർദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'നേരത്തെ, നിർമാതാക്കളും സംവിധായകരും അഭിനേതാക്കളെ തെരഞ്ഞെടുക്കാറുണ്ടായിരുന്നു, നായകന്മാർ കാസ്റ്റിങ്ങിൽ ഇടപെടുമായിരുന്നില്ല. എന്റെ കാര്യത്തിൽ ആദ്യമായി ഇടപെട്ട നടൻ 2002ൽ തലാഷ് എന്ന സിനിമയിൽ അക്ഷയ് കുമാറായിരുന്നു. നമുക്ക് നാളെ തന്നെ സിനിമ ആരംഭിക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് തുകയും എനിക്ക് തരാം. പക്ഷേ ഈ ചിത്രത്തിലെ നായിക കരീന കപൂർ ആയിരിക്കും എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അക്കാലത്തെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. 22 കോടി രൂപ ചെലവിൽ നിർമിച്ചതാണ്. എന്റെ കരിയറിൽ ആദ്യമായാണ് ഒരു നടൻ പ്രത്യേക അഭിനേതാക്കളെ ആവശ്യപ്പെടുന്നത്' -അദ്ദേഹം പറഞ്ഞു.
പ്രായം കുറഞ്ഞ ഒരു നടിക്കൊപ്പം അഭിനയിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ് അക്ഷയ് കരീനയെ നായികയാക്കാൻ നിർബന്ധിച്ചതെന്ന് പഹ്‌ലജ് പങ്കുവെച്ചു. ചില നടന്മാർ പ്രായമാകുമ്പോൾ, അവരുടെ പ്രായം കുറവെന്ന് തോന്നിപ്പിക്കാൻ പ്രായം കുറഞ്ഞ നടിമാരോടൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദി സിനിമയിൽ ചൂടേറിയ വിഷയമായി മാറിയിരിക്കുന്ന താരങ്ങളുടെ വർധിച്ചുവരുന്ന ചെലവുകളോടുള്ള തന്റെ വിയോജിപ്പും അദ്ദേഹം പങ്കുവെച്ചു. നിലവിലെ തൊഴിൽ സംസ്കാരം അനാവശ്യമായ ആവശ്യങ്ങളും പൊങ്ങച്ചവും കൊണ്ട് വീർപ്പുമുട്ടിയിരിക്കുന്നുവെന്ന് പഹ്‌ലജ് പറയുന്നു. ഒരാൾ ജോലി ചെയ്തിരുന്നിടത്ത് ഇപ്പോൾ 10 പേർ ജോലി ചെയ്യുന്നു എന്നും മുമ്പ്, ഒരു വാനിറ്റി വാൻ ആയിരുന്നെങ്കിൽ ഇപ്പോൾ അഭിനേതാക്കൾ ആറ് വാനിറ്റി വാനുകൾ ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
മുമ്പ് മേക്കപ്പ്മാൻമാർ മാത്രമേ അഭിനേതാക്കളോടൊപ്പം പോയിരുന്നുള്ളൂ, ഇപ്പോൾ അവർ പ്രത്യേക ഹെയർഡ്രെസ്സറെയും കണ്ണാടി പിടിക്കാൻ ഒരാളെയും ആവശ്യപ്പെടുന്നുണ്ട്. 1.5 ലക്ഷം രൂപയുടെ ബില്ലുകൾ വെറുതെ നൽകുന്നു. മുമ്പ് അവർ വീട്ടിൽ പാകം ചെയ്ത ഭക്ഷണം കൊണ്ടുവരുമായിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് രാത്രിയിൽ മയക്കുമരുന്നും രാവിലെ ഡയറ്റ് ഫുഡും വേണമെന്നും പഹ്‌ലജ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.