പുരാണകഥകളെ പശ്ചാത്തലമായി നിരവധി സിനിമകൾ വിവധ ഭാഷകളിലായി ഇന്ത്യയിൽ റിലീസായിട്ടുണ്ട്. രാമായണവും അത്തരത്തിൽ നിരവധി സിനിമാക്കഥകൾക്ക് പശ്ചാത്തലമായിട്ടുണ്ട്. പല അഭിനേതാക്കളും രാമനായും രാവണനായും നമുക്ക് മുന്നിലെത്തി. എന്നാൽ രണ്ട് വേഷങ്ങളും അവതരിപ്പിച്ച ഒരേയൊരു നടനേ ഇന്ത്യൻ സിനിമയിലുള്ളു.
മറ്റാരുമല്ല, മുൻ ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാർ എൻ.ടി.ആർ ആണ് ആ നടൻ. 1958ൽ പുറത്തിറങ്ങിയ ഭൂകൈലാസ് എന്ന സിനിമയിൽ അദ്ദേഹം രാവണന്റെ വേഷം ചെയ്തു. എന്നാൽ ആ സിനിമക്ക് പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. തുടർന്ന് 1961ൽ പുറത്തിറങ്ങിയ സീതാ രാമ കല്യാണം എന്ന സിനിമയിൽ അദ്ദേഹം വീണ്ടും രാവണന്റെ വേഷം ചെയ്തു. പിന്നീട് 1963ൽ എൻ.ടി.ആർ 'ലവകുശ' എന്ന സിനിമയിൽ ശ്രീരാമനായും അഭിനയിച്ചു.
1960കളിലും 1970കളിലും എൻ.ടി. രാമറാവുവിന് വലിയൊരു ആരാധകവൃന്ദം ഉണ്ടായിരുന്നു. നിരവധി പുരാണ സിനിമകളിൽ അഭിനയിച്ച അദ്ദേഹം തെലുങ്ക് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ശ്രീരാമനെയും രാവണനെയും അവതരിപ്പിച്ചതിനു പുറമേ, ഏകദേശം 17 സിനിമകളിൽ അദ്ദേഹം കൃഷ്ണനായി വേഷമിട്ടു. 1960കളിൽ തെലുങ്ക് സിനിമയിൽ ഒന്നിനുപുറകെ ഒന്നായി പുരാണ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് തെലുങ്ക് ആരാധകർക്കിടയിൽ അദ്ദേഹത്തിന് ഒരു 'ദിവ്യ' പദവി നേടിക്കൊടുത്തുവെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
ഹൈദരാബാദിലുള്ള അദ്ദേഹത്തിന്റെ വീട് ആരാധകർ ഒരു തീർഥാടന കേന്ദ്രമായി പോലും കണക്കാക്കിയിരുന്നു. 1970കളിൽ ആന്ധ്രാപ്രദേശിൽ അദ്ദേഹത്തിന്റെ പേരിൽ നിരവധി ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടു. അവിടെ അദ്ദേഹം അവതരിപ്പിച്ച ശ്രീരാമന്റെയും കൃഷ്ണന്റെയും അവതാരങ്ങളുടെ വിഗ്രഹങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മായാബസാറിലെ (1957)ശ്രീകൃഷ്ണനായിരുന്നു ആദ്യ പുരാണ വേഷം. ദാനവീരശൂരകർണ്ണ എന്ന സിനിമയിൽ കർണനായും നർത്തനശാലയിൽ പഞ്ചപാണ്ഡവരിലെ അർജുനനായും സതി സാവിത്രിയിൽ യമനായും ദക്ഷയാഗ്നത്തിൽ പരമശിവനായും അദ്ദേഹം അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.