സിനിമയിലെ സൂപ്പർതാര പദവിയും ആരാധകരുടെ സ്നേഹവുമെല്ലാം മാറ്റിവെച്ചാൽ താനും ഒരു സാധാരണ മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് നടൻ രജനീകാന്ത് അടുത്തിടെ മനസ്സുതുറന്നു. ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ 45-ാം വാർഷികത്തിലും ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനാഘോഷത്തിലും പങ്കെടുത്തപ്പോഴാണ് തന്റെ 'അഹങ്കാരം' തകർന്ന ആ പഴയ അനുഭവം അദ്ദേഹം പങ്കുവെച്ചത്. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള തനിക്ക്, ആയിരക്കണക്കിന് ആളുകൾക്കിടയിലൂടെ നടന്നിട്ടും ഒരാൾ പോലും തന്നെ ശ്രദ്ധിച്ചില്ല എന്നത് വലിയൊരു പാഠമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ആശ്രമം സന്ദർശിച്ച സമയത്ത് ഗുരുജി അദ്ദേഹത്തെ കൂടെ വരാൻ ക്ഷണിച്ചു. താൻ കൂടെ വന്നാൽ ആളുകൾ പൊതിയും, അത് ഗുരുജിക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി രജനീകാന്ത് ആദ്യം മടിച്ചു. എന്നാൽ "ഒരു കുഴപ്പവുമില്ല, കൂടെ വരൂ" എന്നായിരുന്നു ഗുരുജിയുടെ മറുപടി. ആശ്രമത്തിൽ തമിഴ്നാട്ടിൽ നിന്നുള്ളവർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരുന്നു. പുറത്തിറങ്ങിയാൽ ആളുകൾ ഓടിക്കൂടുമെന്നും ഫോട്ടോക്കും ഓട്ടോഗ്രാഫിനുമായി ബഹളം വെക്കുമെന്നും താൻ സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നതായി അദ്ദേഹം ചിരിയോടെ പറഞ്ഞു.
എന്നാൽ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. താൻ കൈവീശി കാണിച്ചിട്ടും അവിടെയുണ്ടായിരുന്ന ഒരാൾ പോലും തന്നെ നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. രാഷ്ട്രീയക്കാരും വ്യവസായികളും ഉൾപ്പെടെയുള്ള പ്രമുഖർക്കിടയിൽ എന്നും വി.ഐ.പി പരിഗണന ലഭിച്ചിരുന്ന തന്റെ ഉള്ളിലെ 'ഞാൻ' എന്ന ഭാവം അന്നത്തെ ആ അവഗണനയിൽ പൂർണ്ണമായും ഇല്ലാതായെന്ന് അദ്ദേഹം വെളിപ്പെടുത്തി. "ഇവിടെ ഒരു മാറ്റം സംഭവിച്ചു" എന്ന് തന്റെ തലക്ക് നേരെ കൈ ചൂണ്ടി അദ്ദേഹം പറഞ്ഞപ്പോൾ സദസ്സിൽ ചിരിയും കൈയടിയും ഉയർന്നു. ഏറ്റവും വലിയ പ്രശസ്തിക്കിടയിലും വിനയം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ അനുഭവം പഠിപ്പിച്ചത് അദ്ദേഹം പറയുന്നു.
'കൂലി'ക്ക് ശേഷം 'ജയിലർ 2' എന്ന ചിത്രത്തിലാണ് അദ്ദേഹം ഇനി അഭിനയിക്കുന്നത്. കമൽ ഹാസൻ, വിദ്യ ബാലൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ജൂൺ 12-ന് തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെ അതിഥി വേഷങ്ങളും ഈ സിനിമയുടെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.