ജീൻ ഹാക്ക്മാൻ

'മൃതദേഹങ്ങൾ രണ്ട് മുറിയിൽ, ചിതറിക്കിടക്കുന്ന ഗുളികകൾ'; ജീൻ ഹാക്ക്മാന്‍റെയും ഭാര്യയുടെയും മരണത്തിൽ ദുരൂഹത

ന്യൂ മെക്സികോ (യു.എസ്.എ): പ്രസിദ്ധ ഹോളിവുഡ് നടൻ ജീൻ ഹാക്ക്മാൻ (95), ഭാര്യയും പിയാനിസ്റ്റുമായ ബെറ്റ്സി എന്നിവരെ ന്യൂ മെക്സികോയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അന്വേഷണവുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകൾ പുറത്തുവന്നതോയെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന വാർത്തകൾ വരുന്നത്.

തുടക്കത്തിൽ, ഹാക്ക്മാന്‍റെ മകൾ കാർബൺ മോണോക്സൈഡ് വിഷബാധയുണ്ടാകാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞതിനാൽ മരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഹാക്ക്മാന്‍റെയും ഭാര്യയുടെയും മൃതദേഹങ്ങൾ രണ്ട് മുറികളിൽ നിന്നാണ് കണ്ടെത്തിയത്. ഭാര്യയുടെ മൃതദേഹത്തിന് സമീപം ചിതറിക്കിടക്കുന്ന ഗുളികകൾ കണ്ടെത്തിയതും ദുരൂഹത വർധിപ്പിക്കുന്നു.

വീട്ടിൽ വാതക ചോർച്ചയുണ്ടായതായി കണ്ടെത്താനായിട്ടില്ലെന്നും യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രാഥമിക പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും മരണത്തിന്‍റെ ഔദ്യോഗിക കാരണം വ്യക്തമല്ല. ടോക്സിക്കോളജി റിപ്പോർട്ട് ഇതുവരെ പങ്കുവെച്ചിട്ടില്ലെന്നും യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറായിരുന്നു ജീനിന്‍റേത്. രണ്ടുതവണ ഓസ്‌കര്‍ നേടിയ അഭിനേതാവ്. 1972ല്‍ 'ദി ഫ്രഞ്ച് കണക്ഷനിലെ' ഡിറ്റക്റ്റീവ് ജിമ്മി പോപ്പേ ഡോയല്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ചു. 1992ല്‍ 'അണ്‍ഫോര്‍ഗിവന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കാറും സ്വന്തമാക്കി. ഓസ്‌കറിന് പുറമേ രണ്ട് ബാഫ്റ്റ അവാര്‍ഡുകള്‍, നാല് ഗോള്‍ഡന്‍ ഗ്ലോബുകള്‍, ഒരു എസ്.എ.ജി അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും ജീൻ നേടിയിട്ടുണ്ട്.

കാലിഫോർണിയ സ്വദേശിയായ ജിൻ ഹാക്ക്മാൻ 1930 ജനുവരി 30നാണ് ജനിച്ചത്. പതിനാറാം വയസ്സിൽ യു.എസ് മറൈൻസിൽ ചേർന്ന ഹാക്ക്മാൻ, ചൈന, ജപ്പാൻ, ഹവായ് എന്നിവിടങ്ങളിൽ നാലര വർഷം സേവനമനുഷ്ഠിച്ച ശേഷം ഇല്ലിനോയിസ് സർവകലാശാലയിൽ ജേണലിസത്തിലും ടെലിവിഷൻ പ്രൊഡക്ഷനിലും ബിരുദം നേടി. ‘യങ് ഫ്രാങ്കൻസ്റ്റൈൻ’ (1974) ‘നൈറ്റ് മൂവ്സ്’ (1975), ‘ബൈറ്റ് ദി ബുള്ളറ്റ്’ (1975), ’സൂപ്പർമാൻ’ (1978) എന്നിവ അദ്ദേഹത്തിന്റെ ശ്ര​ദ്ധേയ ചിത്രങ്ങളാണ്. നൂറിലധികം സിനിമകളിൽ അഭിനയിച്ച ഹാക്ക്മാന്റെ അവസാന ചിത്രം ‘വെൽക്കം ടു മൂസ്പോർട്ട്’ ആണ്.

Tags:    
News Summary - new developments in death probe of Gene Hackman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.