കഴിഞ്ഞ കുറച്ച് മാസങ്ങളായി പൊതു ഇടങ്ങളിൽ നിന്നും വിട്ടുനില്‍ക്കുന്നതില്‍ വിശദീകരണവുമായി നടി നസ്രിയ നസീം. വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നുവെന്ന് നസ്രിയ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തന്റെ അസാന്നിധ്യംമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയ പോസ്റ്റ് പങ്കുവച്ചത്.
കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ 'സൂക്ഷമദര്‍ശിനി' ആണ് നസ്രിയയുടെ അവസാന ചിത്രം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നാലരമാസം മുമ്പാണ് താരം ഏറ്റവും അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും പങ്കുവച്ചത്. തന്റെ അസാന്നിധ്യത്തിന്റെ കാരണങ്ങൾ പൂർണമായും വ്യക്തമല്ലെങ്കിലും എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയ കുറിപ്പ് അവസാനിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു. എന്റെ 30-ാം പിറന്നാള്‍ ആഘോഷം, പുതുവര്‍ഷാഘോഷം, സൂക്ഷ്മദര്‍ശനിയുടെ വിജയാഘോഷം അടക്കം പ്രധാനപ്പെട്ട നിമിഷങ്ങള്‍ എനിക്ക് മിസ്സായി. ഞാന്‍ കാരണമുണ്ടായ ആശങ്കകള്‍ക്കും അസൗകര്യങ്ങള്‍ക്കും ക്ഷമചോദിക്കുന്നു. ജോലിക്കായി എന്നെ സമീപിക്കാന്‍ ശ്രമിച്ച എല്ലാ സഹപ്രവര്‍ത്തകരോടും എന്റെ അസാന്നിധ്യം കൊണ്ടുണ്ടായ തടസ്സങ്ങളില്‍ ഞാന്‍ ക്ഷമചോദിക്കുന്നു.
ഇന്നലെ എനിക്ക് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. അംഗീകാരത്തിന് നന്ദി. മറ്റ് ജേതാക്കള്‍ക്കും നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്കും അഭിനന്ദനങ്ങള്‍. ഇതൊരു ദുഷ്‌കരമായ യാത്രയാണ്. സുഖംപ്രാപിച്ചുവരുകയാണ്. ഈ സമയത്ത് എന്നെ മനസിലാക്കുന്നതിനും പിന്തുണക്കുന്നതിനും നന്ദി. പൂര്‍ണ്ണമായും എനിക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം വേണ്ടിവന്നേക്കാം. പക്ഷേ, ഒരുകാര്യം എനിക്ക് ഉറപ്പുപറയാം, ഞാന്‍ വീണ്ടെടുക്കലിന്റെ പാതയിലാണ്. ഇങ്ങനെ അപ്രത്യക്ഷമായതില്‍ എനിക്ക് എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരിക്കണം എന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ ഈ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.