അമിത് ഷായുമായി കൂടികാഴ്ച നടത്തി ചിരഞ്ജീവിയും രാം ചരണും
അമിത് ഷായുമായി കൂടികാഴ്ച നടത്തി ചിരഞ്ജീവിയും രാം ചരണും; ഡീപ്ഫേക്കിനെതിരെ നടപടി വേണമെന്ന് ആവശ്യം
സിനിമാ മേഖലയിൽ കൃത്രിമബുദ്ധിയുടെയും ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെയും ദുരുപയോഗം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും മകൻ രാം ചരണും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. തിങ്കളാഴ്ച ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
കൂടിക്കാഴ്ചക്ക് ശേഷം രാം ചരൺ ഇൻസ്റ്റഗ്രാമിലൂടെ വിവരങ്ങൾ പങ്കുവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് രാം ചരൺ കുറിച്ചു.‘ബഹുമാനപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജിയെ എന്റെ പിതാവ് ശ്രീ ചിരഞ്ജീവിക്കൊപ്പം ഇന്ന് കാണാൻ കഴിഞ്ഞതിൽ ബഹുമാനമുണ്ട്’ റാം ചരൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിരഞ്ജീവിയും റാം ചരണും അമിത് ഷായെ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചു. പൂച്ചെണ്ടും വിഗ്രഹവും പരമ്പരാഗത ഷാളും നൽകിയാണ് ഇരുവരും അമിത് ഷായെ ആദരിച്ചത്.
എഐയുടെയും ഡീപ്ഫേക്കിന്റെയും വർധിച്ചുവരുന്ന ദുരുപയോഗത്തെക്കുറിച്ചും അത് കലാകാരന്മാരിൽ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി രാം ചരൺ പറഞ്ഞു.‘എഐയുടെയും ഡീപ്ഫേക്ക് സാങ്കേതികവിദ്യകളുടെയും വർധിച്ചുവരുന്ന ദുരുപയോഗത്തെക്കുറിച്ചും അവ കലാകാരന്മാരിലും ഞങ്ങളുടെ വ്യവസായത്തിലും ചെലുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഉള്ള ഞങ്ങളുടെ ആശങ്കകളോടുള്ള അദ്ദേഹത്തിന്റെ ധാരണയും പോസിറ്റീവ് പ്രതികരണവും എന്നെ പ്രോത്സാഹിപ്പിക്കുന്നു’ രാം ചരൺ കുറിച്ചു.
വിഷയം സർക്കാർ അടിയന്തരമായി പരിശോധിക്കുമെന്നും ശക്തമായ സുരക്ഷാ നടപടികളും കർശന നടപടികളും സ്വീകരിക്കാൻ പ്രവർത്തിക്കുമെന്നും അമിത് ഷാ ഉറപ്പ് നൽകിയതായി രാം ചരൺ അറിയിച്ചു. ‘ഇത്തരം ദുരുപയോഗത്തിനെതിരെ സർക്കാർ വിഷയം അടിയന്തരമായി പരിശോധിക്കുമെന്നും ശക്തമായ സുരക്ഷാ നടപടികളും കർശന നടപടികളും സ്വീകരിക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ ഉറപ്പ് ശരിക്കും പ്രോത്സാഹജനകമാണ്. അദ്ദേഹത്തിന്റെ സമയത്തിനും ധാരണക്കും പിന്തുണക്കും നന്ദി രാം ചരൺ കൂട്ടിച്ചേർത്തു.
അതിനിടെ, സംവിധായകൻ സുകുമാറിനൊപ്പമുള്ള തന്റെ അടുത്ത പാൻ-ഇന്ത്യൻ ചിത്രമായ RC17 ന്റെ ജോലികൾ രാം ചരൺ ആരംഭിച്ചിരിക്കുകയാണ്. ഹൈദരാബാദിൽ ഞായറാഴ്ച പരമ്പരാഗത പൂജാ ചടങ്ങുകളോടെ ചിത്രം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ആർആർആറിന്റെ വിജയത്തിന് ശേഷം ഗെയിം ചേഞ്ചർ, പെദ്ദി എന്നീ ചിത്രങ്ങളുടെ തിരിച്ചടികൾക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം.രാവിലെ 10.50 ഓടെ ആരംഭിച്ച ചടങ്ങിൽ റാം ചരൺ വേദിയിലെത്തി ടീമിനെ അഭിവാദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.