മുല്ലപ്പൂ കൈവശം വെച്ച് വിമാനയാത്ര; നവ്യ നായർക്ക് ആസ്ട്രേലിയയിൽ ഒന്നേകാൽ ലക്ഷം പിഴ

മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായര്‍ക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ. ആസ്ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂവാണ് നവ്യയുടെ പക്കല്‍ ഉണ്ടായിരുന്നത്. നവ്യ തന്നെയാണ് തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യ നായര്‍ ആസ്‌ട്രേലിയയിലേക്ക് പോയത്.

പരിപാടിക്കിടെ നവ്യ തനിക്ക് വിമാനത്താവളത്തിലുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു. മുല്ലപ്പൂ കൊണ്ടുപോകാന്‍ പാടില്ലെന്ന് അറിയില്ലായിരുന്നു എന്ന് താരം പറഞ്ഞു. പക്ഷേ അറിവില്ലായ്മ ഒഴികഴിവല്ലെന്നും നവ്യ കൂട്ടിച്ചേർത്തു. 1980 ആസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം ഒന്നേകാൽ ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ആസ്‌ട്രേലിയന്‍ കൃഷിവകുപ്പ് പിഴ ഈടാക്കിയത്.

ആസ്ട്രേലിയക്ക് വരുന്നതിന് മുമ്പ് അച്ഛനാണ് തനിക്ക് മുല്ലപ്പൂ വാങ്ങിത്തന്നതെന്നും അതിൽ ഒരു ഭാഗം ഹാന്‍ഡ്ബാഗില്‍ സൂക്ഷിച്ചിരുന്നെന്നും നവ്യ പറഞ്ഞു. ഇതിനാണ് പിഴ ഈടാക്കിയത്. ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു എന്ന് അറിയില്ലായിരുന്നു എന്ന് നവ്യ വ്യക്തമാക്കി. 28 ദിവസത്തിനകം പിഴ അടക്കണമെന്നാണ് അവര്‍ പറഞ്ഞതെന്നും നവ്യ വ്യക്തമാക്കി.

ആസ്‌ട്രേലിയൻ യാത്രയുടെ വിഡിയോ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 'ഫൈൻ അടിക്കുന്നേന് തൊട്ടു മുമ്പുള്ള പ്രഹസനം' എന്ന അടിക്കുറിപ്പോടെയാണ് വിഡി‍യോ പങ്കുവെച്ചത്.  

Tags:    
News Summary - Navya Nair fined over ₹1 lakh in Australia for carrying jasmine flowers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.