കോഴിക്കോട്: പുരുഷത്വത്തെ പ്രകീർത്തിക്കുന്ന, സ്ത്രീകളെ അപമാനിക്കുന്ന ഹിന്ദി സിനിമയുടെ നിലവിലെ അവസ്ഥയിൽ കടുത്ത നിരാശ പങ്കുവെച്ച് ഇന്ത്യൻ ചലച്ചിത്രത്തിലെ അഭിമാന താരമായ നസിറുദ്ദീൻ ഷാ. സിനിമ കാലഘട്ടത്തിനന്റെ രേഖപ്പെടുത്തലാണ്. 100 വർഷങ്ങൾക്കു ശേഷം ഭാവി തലമുറ 2025ലെ ബോളിവുഡ് സിനിമയെ നോക്കുമ്പോൾ അത് ഒരു ദുരന്തമായിതോന്നും. കോഴിക്കോടു വച്ചു നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ നടി പാർവതി തിരുവോത്തുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഫലം മാത്രം മുന്നിൽ കണ്ട് താൻ ചില സിനിമകൾ ചെയ്തിട്ടുണ്ടെന്ന് നസിറുദ്ദീൻ ഷാ തുറന്നുപറഞ്ഞു. പണത്തിന് വേണ്ടി ജോലി ചെയ്യുന്നതിൽ ആരും ലജ്ജിക്കേണ്ടതില്ലെന്ന് കരുതുന്നു. എന്നാൽ, ഞാൻ ഖേദിക്കുന്ന ജോലികളാണ് അവ. ഭാഗ്യവശാൽ, നിങ്ങൾ ചെയ്ത മോശം പ്രവൃത്തി ആളുകൾ ഓർക്കുന്നില്ല. ഒരു നടൻ എന്ന നിലയിൽ നിങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ മാത്രമേ അവർ ഓർക്കുകയുള്ളൂ-അദ്ദേഹം പറഞ്ഞു.
സിനിമ കാലത്തിനൻറെ റെക്കോർഡ് കീപ്പറായി പ്രവർത്തിക്കുന്നുവെന്ന് നസീർ പറഞ്ഞു. ‘സിനിമയുടെ യഥാർത്ഥ പ്രവർത്തനം അതിന്റെ കാലത്തിന്റെ രേഖപ്പെടുത്തലായി പ്രവർത്തിക്കുക എന്നതാണ്. അങ്ങനെയുള്ളവയാണ് ഏറ്റവും മൂല്യവത്തായ സിനിമകൾ. കാരണം, ഈ സിനിമകൾ 100 വർഷത്തിനുശേഷവും കാണും. 100 വർഷത്തിന് ശേഷം 2025 ലെ ഇന്ത്യ എങ്ങനെയായിരുന്നുവെന്ന് അറിയാൻ ആളുകൾക്ക് ആഗ്രഹമുണ്ടാവും. അവർ ഒരു ബോളിവുഡ് സിനിമ കാണുകയാണെങ്കിൽ അത് വലിയ ദുരന്തമായിരിക്കും’- നസീറുദ്ദീൻ ഷാ പറഞ്ഞു.
പുരുഷത്വം ആഘോഷിക്കുകയും കഥാപാത്രങ്ങളുടെ സ്ത്രീത്വത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന സിനിമകളെ താൻ അംഗീകരിക്കുന്നില്ലെന്ന് മുതിർന്ന നടൻ പറഞ്ഞു. ഈ സിനിമകളുടെ വിജയം നമ്മുടെ സമൂഹത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയുന്നുണ്ട്. ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനമാണോ അതോ നമ്മുടെ സമൂഹത്തിന്റെ സങ്കൽപ്പങ്ങളുടെ പ്രതിഫലനമാണോ എന്ന് എനിക്കറിയില്ല. ഉള്ളിൽ സ്ത്രീകളെ ഇകഴ്ത്തുന്ന പുരുഷന്മാരുടെ രഹസ്യ ഫാന്റസികൾ ഉൾക്കൊള്ളുന്ന സിനിമകൾ അവയെ പോഷിപ്പിക്കും. അത്തരം സിനിമകൾക്ക് സാധാരണ പ്രേക്ഷകരിൽ നിന്ന് എത്രമാത്രം അംഗീകാരം ലഭിക്കുന്നു എന്നത് വളരെ ഭയാനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.