രാജേഷ് ഖന്ന, ദിലീപ് കുമാർ, അമിതാഭ് ബച്ചൻ തുടങ്ങി നിരവധി പ്രമുഖ സിനിമ താരങ്ങളെ രൂക്ഷമായി വിമർശിച്ച് വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് മുതിർന്ന നടൻ നസീറുദ്ദീൻ ഷാ. ആദ്ദേഹത്തിന്‍റെ പഴയയൊരു അഭിമുഖം ഓൺലൈനിൽ വീണ്ടും പ്രചരിക്കുകയാണ് ഇപ്പോൾ. മുഖ്യധാരാ ബോളിവുഡ് താരങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറയുകയാണ് അദ്ദേഹം. അക്ഷയ് കുമാറിനെ താൻ വളരെയധികം ആരാധിക്കുന്നു എന്ന് നസീറുദ്ദീൻ ഷാ പറഞ്ഞു.
ജനപ്രിയ താരങ്ങളുടെ സിനിമകൾ കാണാറുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. 'ഇല്ല, ഞാൻ അവ കാണാൻ ശ്രമിക്കാറില്ല. ഞാൻ അവരിൽ പലരുമായും പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ അവരാരും എന്നെ ശരിക്കും ആകർഷിച്ചിട്ടില്ല. പക്ഷേ, ഞാൻ അക്ഷയ് കുമാറിനെ വളരെയധികം ആരാധിക്കുന്നു. കാരണം മാർഗനിർദേശമോ ഗോഡ്ഫാദറോ പിന്തുണയോ ഇല്ലാതെ അദ്ദേഹം സിനിമയിൽ തന്റേതായ സ്ഥാനം നേടി. ഇപ്പോഴത്തെ അഭിനയം അദ്ദേഹത്തിന്റെ കഴിവ് പ്രതിഫലിപ്പിക്കുന്നു. അദ്ദേഹം ഒരു നല്ല നടനായി മാറിയിരിക്കുന്നു' -നസീറുദ്ദീൻ ഷാ പറഞ്ഞു.
ആരുടെയും പിന്തുണയില്ലാതെ വന്ന ഷാറൂഖ് ഖാനും വൻ വിജയം നേടിയിട്ടുണ്ടെന്ന് അഭിമുഖം ചെയ്യുന്നയാൾ ചൂണ്ടിക്കാട്ടി. അപ്പോഴാണ് ഷാറൂഖിനോട് വലിയ ആരാധനയുണ്ടെന്നും എന്നാൽ ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ബോറനായിക്കൊണ്ടിരിക്കുകയാണെന്നുമാണ് നസീറുദ്ദീൻ ഷാ പറഞ്ഞത്. അക്ഷയ് കുമാറിനും ഷാറൂഖ് ഖാനുമൊപ്പം ഒന്നിലധികം ചിത്രങ്ങളിൽ നസീറുദ്ദീൻ ഷാ അഭിനയിച്ചിട്ടുണ്ട്. അക്ഷയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ ചിത്രം മൊഹ്‌റയായിരുന്നു. ഷാറൂഖിനൊപ്പം കഭി ഹാൻ കഭി നാ, ചമത്കർ, മെയ് ഹൂ നാ എന്നിവയിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
ഹിന്ദി സിനിമകൾ കാണുന്നത് അവസാനിപ്പിച്ചെന്ന് മുമ്പൊരിക്കൽ നസീറുദ്ദീൻ ഷാ വ്യക്തമാക്കിയിരുന്നു. ഒരുപോലെയുള്ള സിനിമകൾ കണ്ടു മടുത്തെന്നും വളരെ വൈകാതെ തന്നെ പ്രേക്ഷകർക്കും മടക്കുമെന്നും നടൻ പറഞ്ഞു. സാമ്പത്തികം ലക്ഷ്യം വെക്കാതെ നല്ല കാതലുള്ള ചിത്രങ്ങൾ ചെയ്യാൻ സിനിമ പ്രവർത്തകർ തയാറാകണമെന്നും കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ യാഥാർഥ്യം കാണിക്കേണ്ടത് ഗൗരവമുള്ള ചലച്ചിത്ര പ്രവർത്തകരുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇന്ന് ഹിന്ദി സിനിമയെ പണം സമ്പാദിക്കാനുള്ള മാർഗമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.