മോഹിനി

ഏഴുതവണ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു, ഭർതൃവീട്ടുകാർ ദുർമന്ത്രവാദം ചെയ്തു -വെളിപ്പെടുത്തലുമായി നടി മോഹിനി

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത മുഖമാണ് നടി മോഹിനിയുടേത്. താരം ഒരുപാടു നാളായി അഭിനയ ജീവിതത്തിൽ നിന്നു മാറിനിൽക്കുന്നുവെങ്കിലും, അവരഭിനയിച്ച അവിസ്മരണീയ കഥാപാത്രങ്ങൾ ഇന്നും മായാതെ മലയാളികളുടെ മനസ്സിലുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകൾക്കൊപ്പം ഹിന്ദിയിലും മോഹിനി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ നാടോടി (1992), പരിണയം (1994), സൈന്യം (1994), ഈ പുഴയും കടന്ന് (1996), ഉല്ലാസപ്പൂങ്കാറ്റ് (1997), മായപ്പൊന്മാൻ (1997), പഞ്ചാബി ഹൗസ് (1998), ഒരു മറവത്തൂർ കനവ് (1998), മീനാക്ഷി കല്യാണം (1998), പട്ടാഭിഷേകം (1999), വേഷം (2004), ഇന്നത്തെ ചിന്താവിഷയം (2008) എന്നീ ചിത്രങ്ങളിലെ അഭിനയം കൊണ്ട് മലയാള ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടാൻ അവർക്ക് ചുരുങ്ങിയ നാളുകൾക്കകം കഴിഞ്ഞു.

വർഷങ്ങളായി സിനിമാ മേഖലയിൽനിന്ന് വിട്ടുനിന്ന താരം ഇപ്പോൾ നൽകിയ അഭിമുഖത്തിലൂടെ വീണ്ടും ജനശ്രദ്ധ നേടിയിരിക്കുകയാണ്. തന്‍റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളാണ് അഭിമുഖത്തിലൂടെ മോഹിനി വെളിപ്പെടുത്തിയിരിക്കുന്നത്. താൻ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോയിരുന്നതെന്നും പലതവണ ആത്മഹത്യശ്രമം നടത്തിയിരുന്നുവെന്നും താരം വെളിപ്പെടുത്തി. ‘ഒരിക്കൽ ഒരു ജോത്സ്യൻ, ആരോ തനിക്കുമേൽ മന്ത്രവാദം ഉപയോഗിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. ഭർത്താവിന്‍റെ ഒരു ബന്ധുവായിരുന്നു മന്ത്രവാദത്തിനു പിന്നിൽ. അതുകാരണമാണ് താൻ ഒരു സമയത്ത് അത്രത്തോളം അനുഭവിച്ചതെന്നും നടി ആരോപിച്ചു.

വിവാഹശേഷം ഭർത്താവിന്‍റെയും മക്കളുടെയും കൂടെ സന്തോഷകരമായ ജീവിതമാണ് ഞാൻ നയിച്ചിരുന്നത്. പക്ഷേ, ഒരു സമയത്ത് വിഷാദത്തിലേക്ക് പോവുകയാണെന്ന് എനിക്ക് മനസിലായി. ജീവിതത്തിൽ ഒരുതരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതിരുന്നിട്ടുപോലും ഞാൻ കടുത്ത വിഷാദത്തിലായി. ആത്മഹത്യക്കുപോലും ശ്രമിച്ചു. ഒരുതവണയല്ല, ഏഴുതവണ!’ - സിനിമ വികടൻ എന്ന വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ മോഹിനി വെളിപ്പെടുത്തി.

‘ഞാനിപ്പോൾ എല്ലാം തരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ആ സമയത്ത് ജ്യോത്സ്യൻ എന്നോട് ആരോ എനിക്ക് നേരെ മന്ത്രവാദം നടത്തിയെന്ന് പറഞ്ഞെങ്കിലും ആദ്യം ഞാൻ ചിരിച്ചു തള്ളി. പിന്നീട് എന്തിനാണ് ആത്മഹത്യ ചെയ്യാൻ പോലും ധൈര്യപ്പെട്ടതെന്ന് ഞാൻ ചിന്തിച്ചു. ആ തിരിച്ചറിവിന് ശേഷമാണ് അതിൽ നിന്ന് പുറത്തുവരാൻ ശ്രമിച്ചത്. മരണത്തെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിച്ചിരുന്നത്. എല്ലാം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. ഭർത്താവിന്റെ ബന്ധുവീയ സ്ത്രീ നടത്തിയ ബ്ലാക്ക് മാജിക് മൂലമാണ് എനിക്ക് ഈ അവസ്ഥ ഉണ്ടായത്. യേശുവിലുള്ള എന്റെ വിശ്വാസമാണ് എന്നെ രക്ഷിച്ചത്’- അവർ കൂട്ടിച്ചേർത്തു. ചെന്നൈയിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മോഹിനി 2006ൽ ക്രിസ്തുമതം സ്വീകരിച്ചിരുന്നു.

രണ്ട് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ ശിവാജി ഗണേശൻ, നന്ദമുരി ബാലകൃഷ്ണ, ചിരഞ്ജീവി, മോഹൻലാൽ, മമ്മൂട്ടി, ശിവരാജ്കുമാർ, വിജയകാന്ത്, വിഷ്ണുവർധൻ, വിക്രം, രവിചന്ദ്രൻ, ശരത്കുമാർ, മോഹൻ ബാബു, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം മോഹിനി അഭിനയിച്ചിട്ടുണ്ട്. അക്ഷയ് കുമാറിന്റെ നായികയായി ഡാൻസർ (1991) എന്ന ഹിന്ദി സിനിമയിലും അവർ വേഷമിട്ടു.

Tags:    
News Summary - Mohini reveals she attempted suicide seven times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.