ചാര്‍ളി ചാപ്ലിന്‍, ആന്തണി ഹോപ്കിന്‍സ്, വാക്വിന്‍ ഫീനിക്‌സ്...; പീക്കി ബ്ലൈൻഡേഴ്‌സ് താരത്തിന്റെ ഇഷ്ടനടൻമാരുടെ പട്ടികയിൽ മോഹൻലാലും

പീക്കി ബ്ലൈന്റേഴ്‌സ് താരമായ കോസ്‌മോ ജാര്‍വിസിന്റെ ഇഷ്ടനടന്മാരുടെ പട്ടികയില്‍ മോഹന്‍ലാലും. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലെ പീക് ബ്ലൈൻഡേഴ്സ് സംഘത്തിന്റെ ചൂഷണത്തെ അടിസ്ഥാനമാക്കി ബി.ബി.സി അവതരിപ്പിച്ച ഒരു ബ്രിട്ടീഷ് ടെലിവിഷൻ ക്രൈം പരമ്പരയാണ് പീക്കി ബ്ലൈൻഡേഴ്സ്. ഈ സീരിസിന് ആരാധകർ ഏറെയാണ്. ഓസ്‌കര്‍ ജേതാവായ കിലിയന്‍ മര്‍ഫി പ്രധാന വേഷത്തിലെത്തുന്ന പീക്കി ബ്ലൈന്റേഴ്‌സ് മേക്കിങ് കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും കഥ പറച്ചില്‍ കൊണ്ടുമൊക്കെ പ്രേക്ഷക മനസിൽ ഇടം നേടിയ ചിത്രമാണ്.

ഇപ്പോഴിതാ പീക്കി ബ്ലൈൻഡേഴ്‌സ്, ഷോഗൺ തുടങ്ങിയ പ്രശംസ നേടിയ പരമ്പരകളിലെ മികച്ച പ്രകടനങ്ങൾക്ക് പേരുകേട്ട കോസ്‌മോ ജാര്‍വിസ് ആര്‍ട്ടിക്കിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇഷ്ട നടന്മാരുടെ പേരുകള്‍ പങ്കുവെക്കുകയാണ്. ഈ പട്ടികയില്‍ മോഹന്‍ലാലിന്റെ പേരും കണ്ടതോടെ മലയാളികള്‍ ആവേശത്തിലാണ്. ചാര്‍ളി ചാപ്ലിന്‍, ആന്തണി ഹോപ്കിന്‍സ്, ഡാനിയല്‍ ഡേ ലൂയിസ്, പീറ്റര്‍ സെല്ലാഴ്‌സ്, ഗാരി ഓള്‍ഡ്മാന്‍, വാക്വിന്‍ ഫീനിക്‌സ് തുടങ്ങിയ നടന്മാരോടൊപ്പമാണ് മോഹൻലാലും സ്ഥാനം പിടിച്ചിരിക്കുന്നത്.

അഭിമുഖത്തിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. മോഹന്‍ലാലിന്റെ ഏതൊക്കെ സിനിമകളായിരിക്കും ഹോളിവുഡ് താരത്തെ അദ്ദേഹത്തിന്റെ ആരാധകനാക്കിയതെന്നാണ് സോഷ്യല്‍ മീഡിയ ചർച്ച ചെയ്യുന്നത്. തന്റെ പ്രിയപ്പെട്ട സിനിമകളുടെ പേരുകളും കോസ്‌മോ ജാര്‍വിസ് പങ്കുവെക്കുന്നുണ്ട്. എന്നാൽ അക്കൂട്ടത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങളൊന്നുമില്ല. എന്തായാലും മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തിലാണ്. തങ്ങളുടെ പ്രിയപ്പെട്ട നടനെ ഹോളിവുഡ് താരങ്ങളും ആരാധിക്കുന്നുണ്ടെന്ന സന്തോഷത്തിലാണ് ലാലേട്ടൻ ഫാൻസ്. 

ഓണം റിലീസായി ആഗസ്റ്റ് 28ന് ഇറങ്ങിയ 'ഹൃദയപൂര്‍വ്വം ആണ് മോഹൻലാലിന്‍റെ ഏറ്റവും പുതിയ ചിത്രം.  'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം 10 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Tags:    
News Summary - Mohanlal is also on the Peaky Blinders star's list of favorite actors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.