'പ്രിയപ്പെട്ട ലാലേട്ടന്' മെസ്സിയുടെ വക മോഹൻലാലിന് ഓട്ടോഗ്രാഫ്

മലയാളത്തിന്‍റെ സൂപ്പർസ്റ്റാർ മോഹൻലാലിന് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഓട്ടോഗ്രാഫ്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു അർജന്‍റീനിയൻ ജേഴ്സിയിൽ 'ഡിയർ ലാലേട്ടന്' എന്നെഴുതിയ ജേഴ്സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചത്.

രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് മോഹൻലാലിനായി മെസ്സിയുടെ ജേഴ്സി സമ്മാനിച്ചത്. ഇരുവർക്കും സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ നന്ദി അറിയിച്ചു. 'ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനിൽക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാൻ അനുഭവിച്ചു.

സമ്മാനപ്പൊതി അഴിക്കുമ്പോൾ, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു - ഇതിഹാസം, ലയണൽ മെസി ഒപ്പിട്ട ഒരു ജേഴ്സ‌ി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതിൽ എന്‍റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു.


Full View

മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയിൽ, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് നന്ദി,' മോഹൻലാൽ കുറിച്ചു

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ സെറ്റിലെത്തിയാണ് ഇവർ മോഹൻലാലിന് ജേഴ്സ് കൈമാറിയത്. 

Tags:    
News Summary - mohanlal gets a jersey signed by lionel messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.