ഇനിയൊരു സിനിമ സംവിധാനം ചെയ്യില്ല, ത്രീഡിയിൽ ബറോസ് ചെയ്യാനുള്ള കാരണം പറഞ്ഞ് മോഹൻലാൽ; കൂടെ ഒരു ഉറപ്പും

സൂപ്പർ താരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാറോസ്. ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഫാന്റസി ഡ്രാമാ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ബറോസിന് ശേഷം മറ്റൊരു സിനിമ സംവിധാനം ചെയ്യാൻ നിലവിൽ പദ്ധതിയില്ലെന്ന് പറയുകയാണ് മോഹൻലാൽ. അടുത്തിടെ നൽകിയൊരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ സിനിമ ത്രിഡിയിൽ ചിത്രീകരിക്കാനുള്ള കാരണവും താരം വ്യക്തമാക്കിയിട്ടുണ്ട്.

'ത്രീഡിയിൽ ഒരു ചിത്രം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ നിർമാണ ചെലവ് വളരെ കൂടുതലാണ്.അങ്ങനെ ആശയം മാറ്റിവെക്കുകയായിരുന്നു. പിന്നീടാണ് ബറോസ് എന്ന ചിത്രത്തിലേക്ക് എത്തുന്നത്. അസാധ്യമായ കാര്യങ്ങൾ ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു.ഭാഗ്യവശാൽ നല്ലൊരു ചിത്രം ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

ത്രീഡി ചിത്രം പ്രേക്ഷകർക്ക് യാതൊരു അസ്വസ്ഥതയും ഉണ്ടാക്കില്ല. കുറച്ച് പേർ ചിത്രം ഇതിനേടകം കണ്ടിട്ടുണ്ട്.ആരും കണ്ണിന് ബുദ്ധിമുട്ടുണ്ടാകുന്നതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. സാധാരണ ത്രീഡിയിൽ സിനിമ കാണുന്നത് തലവേദനയാകുമെന്നാണ് ആളുകൾ പറയുന്നത്. ബറോസിൻ്റെ കാര്യം അങ്ങനെയായിരിക്കില്ല. നിലവിൽ മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള പദ്ധതിയില്ല'- മോഹൻലാൽ പറഞ്ഞു.

മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ ജിജോ പുന്നൂസിന്റെ 'ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബറോസ് ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലിഡിയന്‍ നാദസ്വരമാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇസബെല്ല എന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാല്‍ ആണ്.സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Tags:    
News Summary - Mohanlal declares he doesn’t want to direct another film after Barroz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.