ആദ്യ ചിത്രം പുറത്തിറങ്ങിയില്ല, പിന്നീട് നടന്നത് ചരിത്രം; മലയാളത്തിന്‍റെ മോഹൻലാലിന് ഇന്ന് പിറന്നാൾ

അയാൾ കരയുമ്പോൾ കൂടെ കരഞ്ഞും ചിരിക്കുമ്പോൾ കൂടെ ചിരിച്ചും മലയാളി എന്നും മോഹൻലാലിനൊപ്പം നിന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ തുടരും വരെ അതിന് ഒരുമാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് വാസ്തവം. 40 വർഷത്തിലേറെയായി മോഹൻലാൽ മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അഭ്രപാളിയിൽ അതിശയങ്ങൾ സൃഷ്ടിക്കുന്ന മലയാളത്തിന്‍റെ മോഹൻലാലിന് ഇന്ന് 65ാം പിറന്നാൾ. ഏറ്റവും പുതിയ ചിത്രങ്ങളായ എമ്പുരാൻ തുടരും എന്നിവ മികച്ച വിജയം നേടിയ വർഷമായതിനാൽ ഇത്തവണത്തെ പിറന്നാളിന് ഇരട്ടി മധുരമാകും.

1978 ൽ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ ചലച്ചിത്രമേഖലയിലേക്ക് കാലെടുത്തുവച്ചത്. എന്നാൽ ചില സാങ്കേതിക തടസങ്ങൾ കാരണം ചിത്രം പുറത്തിറങ്ങിയില്ല. 1980-ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് മോഹൻലാലിന്‍റെ കരിയറിൽ വഴിത്തിരിവായത്. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം.

80കളുടെ അവസാനമായപ്പോഴേക്കും മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായി മോഹൻലാൽ മാറി. 1986ൽ മാത്രം 34 മോഹൻലാൽ ചിത്രങ്ങളാണ് പുറത്തുവന്നത്. സുഖമോ ദേവി, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുക്കൾ, രാജാവിന്‍റെ മകൻ, താളവട്ടം, ഗാന്ധി നഗർ സെക്കന്‍റ് സ്ട്രീറ്റ്, ടി.പി. ബാലഗോപാലൻ എം.എ, ഒന്നുമുതൽ പൂജ്യം വരെ, യുവജനോത്സവം, നിന്നിഷ്ടം എന്നിഷ്ടം തുടങ്ങിയ പല ഹിറ്റ് ചിത്രങ്ങളും 1986ൽ പുറത്തിറങ്ങിയതാണ്.

നാടോടിക്കാറ്റ്, വഴിയോരക്കാഴ്ചകൾ, കൈയെത്തും ദൂരത്ത്, തൂവാനത്തുമ്പികൾ, ഉണ്ണികളെ ഒരു കഥ പറയാം, ഇരുപതാം നൂറ്റാണ്ട്, ചിത്രം, ദശരഥം, അധിപൻ, വന്ദനം, കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, നമ്പർ 20 മദ്രാസ് മെയിൽ, അക്കരെയക്കരെയക്കരെ, ഏയ് ഓട്ടോ, കിലുക്കം, വിയറ്റ്നാം കോളനി, അദ്വൈതം, യോദ്ധ, കമലദളം, മണിച്ചിത്രത്താഴ്,

കളിപ്പാട്ടം, ചെങ്കോൽ, ഗാന്ധർവ്വം, മായാമയൂരം, ബട്ടർഫ്ലൈസ്, ദേവാസുരം, മിഥുനം, മിന്നാരം, പക്ഷേ, പിൻഗാമി, തേന്മാവിൻ കൊമ്പത്ത്, പവിത്രം, സ്ഫടികം, ആറാം തമ്പുരാൻ, വാനപ്രസ്ഥം...അങ്ങനെ എണ്ണിയെടുക്കാൻ കഴിയാതത്ര ചിത്രങ്ങൾ.

അന്നു മുതൽ ഇന്നുവരെ നമ്മുടെ ആസ്വാദന മനസിനെ ആവേശത്തിലാഴ്ത്തിയ ഒട്ടനവധി ചിത്രങ്ങൾ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വം എന്ന ചിത്രമാണ് മോഹൻ ലാലിന്‍റേതായി പുറത്തിറങ്ങാനുള്ളത്. മലയാളിക്ക് മോഹൻലാൽ ലാലേട്ടനാണ്, കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ അത് അങ്ങനെയാണ്. മോഹൻലാൽ മകനാണ് എന്ന് പറ‍യുന്ന എത്രയെത്ര അമ്മമാർ... എന്തിനാണ് ലാലേട്ടനെ തല്ലിയത് എന്ന് ചോദിച്ച് തിയറ്ററിൽ ഇരുന്ന് കരയുന്ന കുഞ്ഞുങ്ങൾ... അങ്ങനെ അങ്ങനെ എത്രയെത്ര മനുഷ്യരുടെ സ്വന്തമാണ് മലയാളത്തിന്‍റെ മോഹൻലാൽ. അതെ, അയാൾ എന്നും എപ്പോഴും തുടരുക തന്നെ ചെയ്യും.

Tags:    
News Summary - mohanlal birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.