'നിങ്ങൾക്ക് എന്റർടെയ്നർ എന്നോ ആക്ഷൻ സിനിമയെന്നോ വിളിക്കാം; പക്ഷേ ആ സിനിമയുടെ ഇമോഷൻ അതല്ല'- മോഹൻലാൽ

'ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഡന്‍ തിരിച്ചുവന്നിരിക്കുന്നു. പുതിയ കളികള്‍ കാണാനും, ചിലത് കാണിച്ച് പഠിപ്പിക്കാനും'... മലയാളികൾ നെഞ്ചേറ്റിയ നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂഡന് ഇന്നും ആരാധകർ ഏറെയാണ്. മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായ നരസിംഹവും കഥാപാത്രവും സംഭാഷണങ്ങളും എക്കാലവും വൻ ഹിറ്റാണ്. ഇപ്പോഴിതാ നരസിംഹത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ.

'ഒരുപാട് ലെയറുകളുള്ള സിനിമയാണ് നരസിംഹം. നിങ്ങൾക്ക് അതിനെ വേണമെങ്കിൽ ഒരു എന്റർടെയ്നർ എന്നോ ആക്ഷൻ സിനിമയെന്നോ വിളിക്കാം. പക്ഷേ ആ സിനിമയുടെ ശരിക്കുമുള്ള ഇമോഷൻ അതിലെ അച്ഛൻ-മകൻ ബന്ധത്തിലുള്ളതാണ്. അതാണ് സിനിമയുടെ ഹൈലൈറ്റ്'. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.

'ഒരു സിനിമയും വെറുതെ ഓടില്ല. അതിൽ എന്തെങ്കിലും ഇമോഷൻസ് ഉണ്ടായിരിക്കണം. നരസിംഹത്തിന്റെ ഇമോഷണൽ പാർട്ട് വളരെ സ്ട്രോങ്ങ് ആണ്. അതിൽ നിന്നുകൊണ്ടാണ് ഞങ്ങൾ ഫാൻസിന് ആഘോഷിക്കാവുന്ന മറ്റു കാര്യങ്ങൾ ആഡ് ചെയ്തത്. പ്രേക്ഷകർ ജീവിതത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സിനിമയിലെ നായകൻ ചെയ്യുമ്പോൾ ആളുകൾക്ക് അയാളുമായി ഒരു കണക്ഷന്‍ ഉണ്ടാകും. അങ്ങനെയാണ് ഫാൻ ഫോളോയിങ് ഉണ്ടാകുന്നത്'- മോഹൻലാൽ പറഞ്ഞു.

ആ സമയത്ത് ഇറങ്ങിയിരുന്ന എന്റെ സിനിമയിലൊക്കെ ഞാൻ കള്ള് കുടിക്കുന്ന സീനുകൾ ഉണ്ടാകുമായിരുന്നു. ചിത്രം, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയവയിലൊക്കെ അതുണ്ട്. ഒരു പോയിന്റിൽ ആളുകൾ അത് ആസ്വദിക്കാനും പിന്നീട് വന്ന എന്റെ സിനിമകളിലൊക്കെ സംവിധായകർ അത് ചേർക്കാനും തുടങ്ങി'. മോഹൻലാൽ പറഞ്ഞു.

2000 ജനുവരി 28-നാണ് നരസിംഹം റിലീസാവുന്നത്. ബോക്‌സോഫീസില്‍ തകര്‍പ്പന്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം നിര്‍മിച്ചത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയായിരുന്നു നരസിംഹം. തിലകന്‍, ജഗതി ശ്രീകുമാര്‍, എന്‍.എഫ് വര്‍ഗീസ്, ഐശ്വര്യ, ഭാരതി, സ്ഫടികം ജോര്‍ജ്, സായ്കുമാര്‍ എന്നീ താരനിരയ്‌ക്കൊപ്പം അതിഥി വേഷത്തില്‍ മമ്മൂട്ടിയും ചിത്രത്തിന്റെ ഭാഗമായി. അഡ്വക്കേറ്റ് നന്ദഗോപാല മാരാര്‍ എന്ന മമ്മൂട്ടി കഥാപാത്രവും ആരാധകരെ ഇന്നും ആവേശം കൊള്ളിക്കുന്നു.

Tags:    
News Summary - Mohanlal about Narasimham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.