മൈക്കൽ ജാക്‌സന്‍റെ ഗ്ലിറ്ററി സോക്സ് ലേലത്തിൽ വിറ്റുപോയത് 7,69,491.92 രൂപക്ക്!

വീട്ടിലെ പഴയ ഫ്രിഡ്ജ് പുറപ്പെടുവിക്കുന്ന കടകകട ശബ്ദത്തിനൊത്ത് ചുവടുവെക്കുന്ന കുരുന്നു പയ്യൻ. അന്നേ അവന്റെ താളബോധം അമ്മ ശ്രദ്ധിച്ചിരുന്നു. അന്നത്തെ പയ്യൻ ആദ്യം സഹോദരങ്ങൾക്കൊപ്പം സംഗീതത്തിൽ തരംഗം തീർത്തു. അവിടെ നിന്നും മൈക്കിൾ ജാക്സണെന്ന ഇതിഹാസ പോപ്പ് താരമായി മാറി. പാശ്ചാത്യ ജനപ്രിയ സംഗീതത്തിലെ അവസാന വാക്കായി. പോപ് സംഗീതത്തിലെ ഇതിഹാസ താരം ജനിക്കുകയായി. 'ത്രില്ലർ' പോപ് സംഗീത ലോകത്തെ ഇളക്കി മറിച്ചു. ത്രില്ലറിലെ ബീറ്റ് ഇറ്റും, ബില്ലി ജീനും ത്രില്ലറുമൊക്കെ ലോകം ഒന്നുപോലെ ഏറ്റുപാടി.

ഇപ്പോഴിതാ ഏറെ ആരാധകരുള്ള മൈക്കിൾ ജാക്സന്‍റെ സോക്സ് ലേലത്തിൽ വിറ്റ് പോയതാണ് സോഷ്യൽ മീഡിയയിലെ സംസാരം. 1997ൽ തെക്കൻ ഫ്രാൻസിൽ നടന്ന ഒരു സംഗീത പരിപാടിയിൽ മൈക്കിൽ ജാക്‌സൺ ധരിച്ചിരുന്ന ഗ്ലിറ്ററി സോക്സ് ലേലത്തിൽ വിറ്റ് പോയത് 7,688 യൂറോക്കാണ്(7,69,491.92 രൂപ). ജൂലൈ 30നാണ് ലേലം നടന്നത്. റൈൻസ്റ്റോണുകൾ കൊണ്ട് അലങ്കരിച്ചതും കാലപ്പഴക്കം കൊണ്ട് കറപിടിച്ചതുമായ ഫ്-വൈറ്റ് സോക്സ്, 1997 ജൂലൈയിൽ നിംസിൽ നടന്ന ഹിസ്റ്ററി വേൾഡ് ടൂർ പ്രകടനത്തിനിടെ ജാക്സൺ ധരിച്ചിരുന്നു. നിമെസിലെ ഒരു കച്ചേരിക്ക് ശേഷം അദ്ദേഹത്തിന്റെ ഡ്രസ്സിങ് റൂമിനടുത്ത് ഉപേക്ഷിച്ച നിലയിൽ ഒരു ടെക്നീഷ്യനാണ് ഈ സോക്സ് കണ്ടെത്തിയത്.

മൈക്കിൾ ജാക്സന് മരണമില്ല. അതുകൊണ്ട് തന്നെ മൈക്കിൾ ജാക്സൻ ഉപയോഗിച്ച വസ്തുക്കൾക്കും ഡിമാന്‍റ് കൂടുതലാണ്. ഇതിനുമുമ്പും അദ്ദേഹത്തിന്റെ പല വസ്തുക്കളും വലിയ വിലക്ക് ലേലത്തിൽ വിറ്റുപോയിട്ടുണ്ട്. 2009ൽ അദ്ദേഹം തന്റെ പ്രശസ്തമായ 'മൂൺവാക്ക്' നൃത്തം ആദ്യമായി അവതരിപ്പിച്ചപ്പോൾ ധരിച്ച തിളക്കമുള്ള ഒരു ഗ്ലൗസ് ഏകദേശം 2.9 കോടി രൂപക്കാണ് വിറ്റുപോയത്. മൈക്കിൾ ജാക്സന്റെ സംഗീതവും സ്റ്റൈലും ലോകമെമ്പാടുമുള്ള ആരാധകരെ എന്നും ആകർഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വ്യക്തിപരമായ വസ്തുക്കൾക്ക് ലേലങ്ങളിൽ വലിയ ഡിമാൻഡ് ഉണ്ടാകുന്നത് സ്വാഭാവികമാണ്.

മൈക്കിൾ ജാക്സന്‍റെ ജീവിതത്തെ ആസ്പദമാക്കി അന്‍റോയിൻ ഫുക്വ സംവിധാനം ചെയ്യുന്ന 'മൈക്കൽ' സിനിമയുടെ റിലീസ് തിയതി 2026ലേക്ക് നീട്ടി. ബൊഹീമിയൻ റാപ്‌സഡിയുടെ ഗ്രഹാം കിങ് നിർമിക്കുന്ന സിനിമ ഏറെ വിവാദങ്ങൾക്കും റീ ഷൂട്ടുകൾക്കും ഇടയായി. ഇത് നിർമാണ കമ്പനിയെ വലക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ ജാക്സന്‍റെ സ്വന്തം അനന്തരവനായ ജാഫർ ജാക്സനാണ് മുഖ്യ വേഷത്തിലെത്തുന്നത്. ഏകദേശം 155 മില്യൺ ഡോളർ ബജറ്റിൽ നിർമിക്കുന്ന മൈക്കൽ മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യവിരുന്നായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. 

Tags:    
News Summary - Michael Jackson’s 1997 concert sock sells for nearly €8,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.