മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. പ്രതികൾ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഹൈകോടതിയെ സമീപിച്ചത്. സിനിമയിൽ ലഭിച്ച ലാഭം എങ്ങനെ ചെലവഴിച്ചു എന്നീ കാര്യങ്ങളെക്കുറിച്ചറിയാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രതികളുടെ മൂൻകൂർ ജാമ്യാപേക്ഷ ഹൈകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് പ്രതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടിയിരുന്നു.

ഈ മാസം 27ന് ഹാജരാകാനാണ് നിർദേശം. സൗബിനൊപ്പം സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈകോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി.

സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയ തുറ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.

സിറാജ് സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരുന്നതിനാൽ കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നായിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട്‌ ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിങ് നീണ്ടു പോകുകയും ചെയ്‌തെന്നും നിർമാതാക്കളും വാദിച്ചിരുന്നു. എന്നാൽ കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നായിരുന്നു ഹൈകോടതി നിരീക്ഷണം.

Tags:    
News Summary - Manjummal Boys financial fraud case; Police oppose bail plea of ​​Soubin Shahir and others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.