മലയാളത്തിന്‍റെ പ്രിയ നടൻ മധുവിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. ‘എന്റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍ ആശംസകൾ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ആശംസ പങ്കു വെച്ചത്. സിനിമയിൽ വരുന്നതിനു മുമ്പ് മമ്മൂട്ടി ഏറെ ആരാധിച്ചിരുന്ന നടനാണ് മധു എന്ന് പല അഭിമുഖങ്ങളിലും മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ താൻ കണ്ട ഒരേയൊരു സൂപ്പർസ്റ്റാർ മധുവാണെന്നും കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് കത്തെഴുതി അയച്ചിട്ടുണ്ടെന്നും മമ്മൂട്ടി തന്‍റെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
മലയാളത്തിന്‍റെ പ്രിയ നടന് മറ്റ് താരങ്ങളും പിറന്നാൾ ആശംസകൾ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മധുവിന്‍റെ 92ാം പിറന്നാളാണിത്. മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ നേർന്നിട്ടുണഅട്. തലമുറകളുടെ ഹൃദയത്തിൽ ഇടം നേടിയ മലയാള സിനിമയുടെ മഹാരഥൻ പ്രിയപ്പെട്ട മധുവിന് ജന്മദിനാശംസകൾ എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
1933 സെപ്റ്റംബർ 23ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ.പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായിരുന്നു അദ്ദേഹം. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ ST ഹിന്ദു കോളേജിലും സ്കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അദ്ധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചു.
എന്നാൽ അപ്പോഴും മധുവിന്‍റെ മനസ്സിലെ അഭിനയമോഹം കെട്ടടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു. എൻ.എസ്.ഡിയിൽ പഠിക്കുന്ന കാലത്താണ് രാമു കാര്യാട്ടുമായി അടുപ്പത്തിലായത്. പഠനം പൂർത്തിയാക്കിയ ശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ഉദ്ദേശ്യം. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു.
ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. എന്നാൽ 1959ൽ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയാണ് ആദ്യം പുറത്തിറങ്ങിയ ചിത്രം. പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് മധുവിന്റെയും സിനിമാപ്രവേശം. എന്നാൽ തന്‍റെ അഭിനയ മികവ് കൊണ്ട് വളരെ കുറഞ്ഞ കാലയളവിൽ തന്നെ തന്‍റേതായ ഇടം മധു മലയാള സിനിമയിൽ കണ്ടെത്തി.
ക്ഷുഭിത യുവാവായും പ്രണയാതുരനായ കാമുകനായും നിരാശകാമുകനായുമൊക്കെ അദ്ദേഹം പ്രേക്ഷകരുടെ ഹൃദയം കവർന്നു. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന മധു ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. 1960 കളിലും 1970 കളിലും 1980 കളിലും ഒരു പ്രമുഖ നായക നടനായിരുന്ന അദ്ദേഹം 400 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 12 സിനിമകൾ സംവിധാനം ചെയ്യുകയും 15 സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. കുറച്ചേറെ നാളുകളായി അഭിനയത്തിൽ നിന്നും മാറി വിശ്രമജീവിതം നയിക്കുകയാണ് താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.