സ്‌ക്രീനില്‍ ചിരിച്ച് കളിച്ച് അഭിനയിക്കുന്ന പല പെണ്‍കുട്ടികള്‍ക്കും ഒരു ജന്മം മുഴുവന്‍ നീറി നീറി നില്‍ക്കുന്ന തിക്താനുഭവങ്ങള്‍ സമ്മാനിക്കും. ചങ്കുറപ്പുളളവര്‍ അതിനെ അതിജീവിക്കും. മനസിന് കനം കുറഞ്ഞവര്‍ ഏതാനും ഉറക്കഗുളികകളിലോ സാരിത്തുമ്പിലോ ഒരു സയനൈഡ് ബോട്ടിലിലോ അഭയം തേടും. അക്കൂട്ടത്തിലെ ഒരാളായിരുന്നു മയൂരി. പല വിധ കാരണങ്ങളാല്‍ അഭിനയത്തോട് വിമുഖത കാട്ടിയ മയൂരിക്ക് അകാലത്തില്‍ പൊലിയാനായിരുന്നു വിധി. അതിന്റെ കാരണങ്ങള്‍ ഇന്നും അജ്ഞാതമാണെങ്കിലും സിനിമയിലെ പുഴുക്കുത്തുകളിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.
കൊല്‍ക്കത്തയില്‍ ജനിച്ച തമിഴ്‌വംശജയായ മയൂരിയുടെ യഥാർഥ പേര് ശാലിനി എന്നായിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെ കുംഭകോണം ഗോപാലു എന്ന ചിത്രത്തില്‍ പാണ്ഡ്യരാജിന്റെ നായികയായി തുടക്കം. ഈ പടത്തിന്റെ സെറ്റില്‍ വെച്ചാണ് ശാലിനി മയൂരി ആകുന്നത്. അന്ന് മുതല്‍ അവര്‍ ആ പേരില്‍ വിവിധ ഭാഷകളില്‍ അറിയപ്പെട്ട് തുടങ്ങി. ആകാശഗംഗയിലെ മായാദേവിയായി വന്ന മയൂരി സമ്മര്‍ ഇന്‍ ബേത്‌ലഹേം, ചന്ദാമാമാ, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട് എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ നല്ല വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. തമിഴിലും തെലുങ്കിലും നിരവധി സിനിമകളില്‍ വേഷമിട്ട മയൂരി ആകെ ആറ് വര്‍ഷം മാത്രമാണ് സിനിമയിലുണ്ടായിരുന്നത്.
അരയന്നങ്ങളുടെ വീടായിരുന്നു മലയാളത്തിലെ ആദ്യചിത്രം. സമ്മര്‍ ഇന്‍ ബേത്‌ലഹേമിന്‍റെ വിജയത്തിന് ശേഷം മലയാളത്തിലെ നിരവധി മുന്‍നിര നായകന്‍മാരുടെ സിനിമകളിലേക്ക് മയൂരി ക്ഷണിക്കപ്പെട്ടു. എന്നാല്‍ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ആ സിനിമകളിലൊന്നും മയൂരി ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് മയൂരി ഒഴിവാക്കപ്പെട്ടു എന്ന് ആരും അറിഞ്ഞില്ല. അത് മയൂരിക്കും ഒഴിവാക്കിയവര്‍ക്കും മാത്രം അറിയുന്ന രഹസ്യമായി അവശേഷിച്ചു. പിന്നീട് 'കസ്തൂരിമാന്‍' എന്ന സിനിമയിലേക്ക് അവരെ ഉള്‍പ്പെടുത്താന്‍ ലോഹിതദാസ് ശ്രമിച്ചെങ്കിലും അന്യഭാഷകളിലെ തിരക്ക് കാരണമായി പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. കസ്തൂരിമാന്‍ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ ലോഹി വീണ്ടും അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ മയൂരി ആ ചിത്രവുമായും സഹകരിച്ചില്ല. തമിഴ് ചിത്രമായ കനാ കണ്ടേന്‍ ആയിരുന്നു മയൂരിയുടെ അവസാന ചിത്രം.
ഉദരാര്‍ബുദം മൂലമുണ്ടായ ഡിപ്രഷനാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറമെ പ്രചരിക്കുന്ന വിവരം. അത് എത്രത്തോളം സത്യമാണെന്ന് ഉറപ്പില്ല. യഥാർഥത്തില്‍ അവര്‍ എന്തിന് മരിച്ചു എന്നത് ഇന്നും തെളിയിക്കപ്പെടാത്ത ഒരു ഏടാണ്. മരണത്തിന് തൊട്ടുമുമ്പ് വിദേശത്തുളള സഹോദരന് എഴുതിയ കത്തില്‍ മയൂരി ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു. 'എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല. ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാല്‍ ഞാന്‍ പോകുന്നു'. ജീവിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ട് ഞാന്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് മയൂരി തന്റെ ആത്മഹത്യ കുറിപ്പിൽ കുറിച്ചതെന്നും പറയപ്പെടുന്നു. മരിച്ചിട്ടും ദുരൂഹത ഒഴിയാത്ത മയൂരിയുടെ ജീവിതം ഇന്നും അദ്യശ്യമായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.