ഇൻഡിഗോ വിമാനത്തിൽ അടുത്തിടെയുണ്ടായ അനുഭവം പങ്കുവെച്ച് നടി മാളവിക മോഹനൻ. വിമാനങ്ങൾ ഇടക്കിടെ വൈകുന്നതിന് വിമാനക്കമ്പനിയെ നടി സമൂഹമാധ്യമത്തിലൂടെ വിമർശിച്ചു. വിമാനങ്ങളുടെ കാലതാമസത്തെക്കുറിച്ച് അറിയിക്കുന്നതിന് പകരം യാത്രക്കാരെ വിമാനത്തിൽ തന്നെ ഇരുത്താൻ നിർബന്ധിതരാക്കിയതിനെയും മാളവിക വിമർശിച്ചു.
'എന്തുകൊണ്ടാണ് നിങ്ങളുടെ പത്തിൽ ഒമ്പത് വിമാനങ്ങളും എപ്പോഴും വൈകുന്നത്? യാത്രക്കാരെ വിമാനത്തിൽ കയറ്റി ഒരു മണിക്കൂറോ അതിൽ കൂടുതലോ ഇരിക്കാൻ നിർബന്ധിക്കുന്ന ഈ പ്രവണത എന്തുകൊണ്ടാണ്?' -മാളവിക എക്‌സിലെ ഒരു പോസ്റ്റിൽ എഴുതി. മാളവികയുടെ പോസ്റ്റ് സമൂഹമാധ്യമത്തിൽ വൈറലാണ്. സമാനമായ അനുഭവങ്ങൾ നിരവധിപ്പേർ പങ്കുവെച്ചു.
ഇൻഡിഗോയും മാളവികയുടെ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ക്രൂവിനോട് സംസാരിച്ചതിന് മാളവികയോട് നന്ദി പറഞ്ഞുകൊണ്ടാണ് ഇൻഡിഗോ പ്രതികരിച്ചത്. വിമാനം വൈകിയത് അസൗകര്യമുണ്ടാക്കിയെന്ന് മനസ്സിലാക്കിയതായി അവർ പറഞ്ഞു. കാലതാമസത്തിന് കാരണം തങ്ങളുടെ നിയന്ത്രണത്തിന് അതീതമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ ഹൃദയപൂർവമാണ് മാളവിക പ്രധന കഥാപാത്രമായി അവസാനം തിയറ്ററിൽ എത്തിയ ചിത്രം. സംഗീത, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. അഖില്‍ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു.
ഹൃദയപൂർവത്തിന്റെ മൊത്തം കലക്ഷൻ 38.16 കോടി രൂപയാണ്. ആഗസ്റ്റ് 28ന് റിലീസായ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്ങിന് ലഭ്യമാണ്. തിയറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഒ.ടി.ടിയിൽ എത്തിയതോടെ, ചിത്രത്തിലെ മോഹൻലാൽ-സംഗീത് പ്രതാപ് കോംബോക്ക് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.