'മികച്ച സംവിധായകനല്ല, നിരവധി തെറ്റുകൾ സംഭവിച്ചിട്ടുണ്ട്', സഞ്ജയ് ദത്തിന്‍റെ പരാമർശത്തിൽ വിശദീകരണവുമായി ലോകേഷ് കനകരാജ്

വിജയ് നായകനായ ലിയോയിൽ സംവിധായകൻ തന്നെ നന്നായി ഉപയോഗിച്ചില്ല എന്ന സഞ്ജയ് ദത്തിന്റെ പ്രസ്താവനക്ക് പിന്നാലെ സംവിധായകൻ ലോകേഷ് കനകരാജ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ, താരത്തിന്റെ പരാമർശത്തിൽ സംവിധായകൻ തന്നെ വിശദീകരണം നൽകിയിരിക്കുകയാണ്. ദി ഹോളിവുഡ് റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു ലോകേഷ്.

'ആ പരിപാടിക്ക് ശേഷം സഞ്ജയ് സാർ എന്നെ വിളിച്ചിരുന്നു. വളരെ രസകരമായ പറഞ്ഞ ഒരു കമന്റായിരുന്നു അതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ ആളുകൾ അത് കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ വളരെ ബുദ്ധിമുട്ടായെന്ന് പറഞ്ഞു. ഞാൻ ഒരു പ്രതിഭയോ മികച്ച ചലച്ചിത്രകാരനോ അല്ല, എന്റെ സിനിമകളിൽ ഞാൻ നിരവധി തെറ്റുകൾ വരുത്തിയിട്ടുണ്ട്, ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ, ഞാൻ സഞ്ജയ് ദത്ത് സാറിനൊപ്പം മറ്റൊരു സിനിമ ചെയ്യും'- ലോകേഷ് കനകരാജ് പറഞ്ഞു.

അടുത്തിടെ കെഡി - ദി ഡെവിൾ എന്ന ചിത്രത്തിന്റെ ടീസർ പരിപാടിയിൽ സഞ്ജയ് ദത്ത് പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. മാധ്യമപ്രവർത്തകരുമായുള്ള ആശയവിനിമയത്തിനിടെ, വിജയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത് വളരെ ഇഷ്ടമായിരുന്നു എന്നും ലോകേഷ് വലിയ വേഷം നൽകാത്തതിനാൽ അദ്ദേഹത്തോട് ദേഷ്യമുണ്ടെന്നും അദ്ദേഹം തന്നെ നന്നായി ഉപയോഗിച്ചില്ലെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

വിജയ് പ്രധാന വേഷത്തിൽ അഭിനയിച്ച തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ ലിയോ 2023 ഒക്ടോബർ 19നാണ് പുറത്തിറങ്ങിയത്. അമേരിക്കൻ ആക്ഷൻ ചിത്രമായ എ ഹിസ്റ്ററി ഓഫ് വയലൻസിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമിച്ചത്. രജനീകാന്ത് നായകനാകുന്ന കൂലിയാണ് ലോകേഷിന്‍റെ അടുത്ത ചിത്രം. നാഗാർജുന അക്കിനേനിയും ഉപേന്ദ്ര റാവുവും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ ആമിർ ഖാനും ഒരു അതിഥി വേഷത്തിൽ എത്തുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2025 ആഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും.

Tags:    
News Summary - Lokesh Kanagaraj responds to Sanjay Dutts comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.