കഴിഞ്ഞ വർഷത്തെ ഏറ്റവു വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ടൊവിനോ തോമസ് നായകനായെത്തിയ ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്‍റെ രണ്ടാം മോഷണം. ബോക്സ് ഓഫീസിൽ നൂറ് കോടി കടന്ന ചിത്രം നിർമിച്ചത് ലിസ്റ്റിൻ സ്റ്റീഫനാണ്. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് ഫൈനൽ സെറ്റിൽമെന്‍റിൽ പണം ആവശ്യമായി വന്നപ്പോൾ സഹായിച്ചത് പൃഥ്വിരാജും സംവിധായകനുമാണെന്ന് പറയുകയാണ് ലിസ്റ്റിൻ. സിനിമയുടെ വിജയം ആഘോഷിക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാണ് ഈ പടത്തിന്റെ ബിസിനസ്സ് പോലും നടന്നത്. ഞാൻ ഇപ്പോൾ മൂന്നു-നാല് സിനിമകൾ നിർമിക്കുന്നുണ്ട്. ആ ധൈര്യത്തിൽ തന്നെ പറയാം ആ നാലു സിനിമകളും ചേർത്ത് വെച്ചാൽ ഈ സിനിമയുടെ ബജറ്റ് ആകുന്നില്ല. എനിക്ക് ഇത്രയും ധൈര്യമുണ്ടെന്ന് മനസിലാക്കി തന്നതും സിനിമയാണ്. വലിയ സിനിമകൾ റിലീസ് ചെയ്യുമ്പോൾ ഫിനാൻസ് എടുത്തിട്ടാണ് അതിനു മുന്നേ ഉള്ള കാര്യങ്ങൾ സെറ്റിൽ ചെയ്തിരുന്നത്. ഈ സിനിമ ബിസിനസ്സ് ആവാതിരുന്ന സമയത്ത് അല്ലെങ്കിൽ പറഞ്ഞ റേറ്റുകളിൽ ഞങ്ങൾ ഓക്കേ ആകാതിരുന്നപ്പോൾ ഫൈനൽ സെറ്റിൽമെന്റുകൾ വൈകിയിരുന്നു.
ആ സമയത്ത് കോടികളുടെ ആവശ്യമുണ്ട് എന്ന് പറഞ്ഞപ്പോൾ എന്നെ ഒരു കോളിൽ സഹായിച്ച എന്‍റെ സുഹൃത്ത്, സഹോദരൻ പൃഥ്വിരാജ് സുകുമാരനോട് ഈ അവസരത്തിൽ നന്ദി പറയുകയാണ്. അതുപോലെ കുറച്ചുകൂടി പൈസ ആവശ്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ എത്രയാണ് വേണ്ടതെന്ന് എന്ന് ചോദിച്ച് അക്കൗണ്ടിൽ ഇട്ടു തന്ന എന്റെ സംവിധായക സുഹൃത്ത് അൻവർ റഷീദിനോടുമുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു,' ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
ടൊവിനോ മൂന്ന് വേഷത്തിലെത്തുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, കൃതി ഷെട്ടി, സുരഭി ലക്ഷമി, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദിബു നൈനാൽ ചെയ്ത് പാട്ടുകളും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുമെല്ലാം വമ്പൻ ഹിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.