‘വളരെയധികം വൈകാരികമായ മുഹൂര്‍ത്തമായിരുന്നു അത്’; ഇസ്‌ലാം സ്വീകരിച്ചതായി ഫുട്​ബാൾ താരം കരീം ബെന്‍സെമയുടെ പങ്കാളി ജോര്‍ദന്‍ ഒസുന

ഇസ്‌ലാം സ്വീകരിച്ചതായി ഫുട്​ബാൾ താരം കരീം ബെന്‍സെമയുടെ പങ്കാളി ജോര്‍ദന്‍ ഒസുന. മോഡലും നടിയുമായ ഒസുന ഒരു മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ തന്‍റെ മതംമാറ്റത്തെക്കുറിച്ച്​ വെളിപ്പെടുത്തിയത്​. ‘ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ചിരിക്കുന്നു. ഇവിടെ മാഡ്രിഡിലെ ഒരു പള്ളിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അവിടെ അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നുണ്ടായിരുന്നു’-അവർ പറഞ്ഞു.

നേരത്തേ റയൽ മാഡ്രിഡ് വിട്ട സൂപ്പർതാരം കരീം ബെൻസെമ സൗദി പ്രോ ലീഗ് കളിക്കാന്‍ തീരുമാനിച്ചിരുന്നു. സാദി ക്ലബ്ബായ അല്‍ ഇത്തിഹാദുമായാണ് താരം കരാറിലെത്തിയത്. ജോര്‍ദന്‍ ഒസുന അമേരിക്കയിലെ മേരിലാൻഡ്​ സ്വദേശിനിയാണ്​. ‘വളരെ ചെറിയൊരു ചടങ്ങായിരുന്നു. അടുപ്പമുള്ള ആളുകള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഞാന്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ കരഞ്ഞു പോയി. അത് വളരെയധികം വൈകാരികമായ ഒരു മുഹൂര്‍ത്തമായിരുന്നു അത്’-ഇസ്​ലാ സ്വീകരണത്തെപ്പറ്റി ഒസുന പറയുന്നു.

നേരത്തേ അല്‍ ഇത്തിഹാദിലെത്തിയതിന് ശേഷമുള്ള ബെന്‍സെമയുടെ ചില പ്രസ്താവനകൾ ചര്‍ച്ചയായിരുന്നു. സൗദി ഒരു മുസ്‌ലിം രാജ്യമാണെന്നും ഒരു മുസ്‌ലിം എന്ന നിലയില്‍ ഒരു മുസ്‌ലിം രാജ്യത്ത് ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും ബെന്‍സെമ പറഞ്ഞിരുന്നു.

റയല്‍ മാഡ്രിഡില്‍ 14 വര്‍ഷം പന്ത് തട്ടിയ ശേഷമാണ് ബെന്‍സെമ കളിത്തട്ടകം സൗദിയിലേക്ക് മാറ്റിയത്. ലോസ് ബ്ലാങ്കോസിനായി കളിച്ച 648 മത്സരത്തില്‍ നിന്നും താരം 353 ഗോള്‍ നേടുകയും 165 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. 2009ൽ 35 മില്യൺ യൂറോക്കാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ബെൻസെമയെ സാന്റിയാഗോ ബെർണബ്യൂവിലെത്തിക്കുന്നത്.


ക്രിസ്റ്റ്യാനോയും കക്കയുമടക്കം റയലിന്റെ പുതിയ തലമുറയെ ഫ്ലോറണ്ടീനോ പെരസ് അവതരിപ്പിച്ച അതേ വർഷം വലിയ കൊട്ടിഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ബെൻസെമ റയൽമാഡ്രിഡിലെത്തിയത്. എന്നാൽ പെട്ടെന്ന് തന്നെ റയലിന്റെ മുന്നേറ്റ നിരയിലെ നിർണ്ണായക സാന്നിധ്യമായി താരം മാറി. അഞ്ച് ചാമ്പ്യൻസ് ലീഗ് കീരീടങ്ങളും നാല് ലീഗ്​ കിരീടങ്ങളുമടക്കം റയലിനൊപ്പം 24 കിരീട നേട്ടങ്ങളില്‍ താരം പങ്കാളിയായി. റയലിന്‍റെ എക്കാലത്തേയും മികച്ച ഗോളടി വേട്ടക്കാരില്‍ രണ്ടാമനാണ് ബെൻസെമ.

Tags:    
News Summary - Karim Benzema’s partner, Jordan Ozuna converts to Islam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.