കരീന കപൂർ
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിൽ ഇന്നും വിഷമമുണ്ട്; മക്കൾ അവരുടെ ഇഷ്ടങ്ങൾ പിന്തുടരട്ടെ, പക്ഷേ ആദ്യം പഠനം പൂർത്തിയാക്കണം -കരീന കപൂർ
സിനിമയിലെ തിളക്കമാർന്ന അഭിനയത്തോടൊപ്പം എന്നും ശ്രദ്ധ നേടുന്ന താരമാണ് കരീന കപൂർ. പുതിയ ചിത്രമായ 'ദായ്റയുടെ' വിശേഷങ്ങൾക്കിടയിൽ തന്റെ വിദ്യാഭ്യാസകാലത്തെക്കുറിച്ചും കരീന തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം ചെറുപ്പത്തിൽ തന്നെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ചും, ആ അനുഭവം തന്റെ മക്കളായ തൈമൂറിന്റെയും ജെഹറിന്റെയും വളർച്ചയെ എങ്ങനെ സ്വാധീനിച്ചെന്നും താരം വ്യക്തമാക്കി.
പ്ലസ് വണ്ണിന് ശേഷം പഠനം നിർത്തുകയും സിനിമയിലേക്ക് പ്രവേശിക്കുകയും ചെയ്തതിൽ തനിക്ക് ഇന്നും ഖേദമുണ്ടെന്ന് താരം പറഞ്ഞു. ‘പഠനം പൂർത്തിയാക്കാൻ കഴിയാത്തതിൽ എനിക്ക് തീർച്ചയായും വിഷമമുണ്ട്. മികച്ച അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ഞാൻ അത് തുടർന്നു കൊണ്ടുപോകാൻ തയാറായില്ല. സിനിമയിൽ പ്രവേശിച്ചതോടുകൂടി പതിനൊന്നാം ക്ലാസിനപ്പുറം പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ലെന്നും’ കരീന വ്യക്തമാക്കി. ആളുകൾ ഇതിന്റെ പേരിൽ തന്നെ പരിഹസിച്ചേക്കാം എന്നറിയാമായിരുന്നെങ്കിലും, സ്വന്തം ഹൃദ്യത്തിന്റെ വഴി തിരഞ്ഞെടുക്കാനും ഒരു നടിയെന്ന നിലയിൽ വിജയം തെളിയിക്കാനുമാണ് താൻ ആഗ്രഹിച്ചതെന്നും കരീന കൂട്ടിച്ചേർത്തു.
മുംബൈയിലെ ജമ്നാഭായ് നർസി സ്‌കൂളിലും ഡെറാഡൂണിലെ വെൽഹാം ഗേൾസ് സ്‌കൂളിലുമായാണ് കരീന തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് മുംബൈയിലെ മിഥിഭായ് കോളജിൽ കൊമേഴ്‌സ് പഠനത്തിന് ചേർന്നുവെങ്കിലും സിനിമയിലെ അരങ്ങേറ്റത്തിനായി അത് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. സിനിമയിലേക്ക് വരുന്നതിന് മുൻപ് നിയമപഠനത്തിൽ താല്പര്യം തോന്നി മുംബൈ ഗവൺമെന്റ് ലോ കോളജിൽ പ്രവേശനം നേടിയിരുന്നുവെങ്കിലും, പിന്നീട് അഭിനയത്തോടുള്ള ഇഷ്ടം കാരണം ആ തീരുമാനം മാറ്റുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ കരീനക്ക് സാധിച്ചു.
തന്റെ ജീവിതത്തിലെ അപൂർണ്ണമായ വിദ്യാഭ്യാസം മക്കളുടെ കാര്യത്തിൽ ആവർത്തിക്കാൻ താരം ആഗ്രഹിക്കുന്നില്ല. ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനൊപ്പം മക്കളായ തൈമൂർ അലി ഖാൻ, ജെഹ് അലി ഖാൻ എന്നിവരെ വളർത്തുമ്പോൾ കരീന ഈ കാര്യത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്.
മക്കൾക്ക് അവരുടെ താല്പര്യമുള്ള മേഖലകൾ തിരഞ്ഞെടുക്കാമെങ്കിലും, ആദ്യം വിദ്യാഭ്യാസം പൂർത്തിയാക്കണമെന്ന് താൻ കർശനമായി നിർബന്ധിക്കാറുണ്ടെന്ന് താരം പറഞ്ഞു. തന്റെ ഈ വ്യക്തിപരമായ അനുഭവമാണ് ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി യുനിസെഫുമായി ചേർന്ന് പ്രവർത്തിക്കാൻ തനിക്ക് പ്രചോദനമായതെന്നും കരീന കൂട്ടിച്ചേർത്തു.
കരിയറിലെ ഏറ്റവും പുതിയ ചിത്രമായ 'ദായ്റയുടെ' റിലീസിനായുള്ള തയാറെടുപ്പിലാണ് കരീന കപൂർ ഇപ്പോൾ. പ്രശസ്ത സംവിധായിക മേഘ്ന ഗുൽസാറും ജംഗ്ലീ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'തൽവാർ', 'രാസി' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം മേഘ്ന ഗുൽസാർ ഒരുക്കുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമയിൽ പൃഥ്വിരാജ് സുകുമാരനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സമാകാലിക ചലച്ചിത്ര ലോകത്ത് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.