മമിത ബൈജു
കടുത്ത പനിയെ തുടർന്ന് മമിത ബൈജു ആശുപത്രിയിൽ; ആസ്ട്രേലിയൻ യാത്ര റദ്ദാക്കി
കടുത്ത പനിയെ തുടർന്ന് നടി മമിത ബൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഈ ആഴ്ച നടത്താനിരുന്ന ആസ്ട്രേലിയൻ യാത്ര റദ്ദാക്കി. ക്ലൈഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനായിരുന്നു മമിത ആസ്ട്രേലിയയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര സാധ്യമല്ലെന്ന് നടി വ്യക്തമാക്കി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഡോക്ടർമാർ പൂർണ്ണ വിശ്രമം നിർദേശിച്ചിരിക്കുകയാണെന്നും അവർ സംഘാടകരെ അറിയിച്ചു.
കടുത്ത പനിക്ക് പുറമെ ശരീരവേദനയും അലർജിയും അലട്ടുന്നുണ്ടെന്ന് നടി വ്യക്തമാക്കി. ഒപ്പം ആസ്ത്മ സംബന്ധമായ പ്രശ്നങ്ങളും ഉള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യുക അസാധ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആസ്ട്രേലിയയിലെ മലയാളി സമൂഹത്തെ കാണാനും ഓണാഘോഷത്തിൽ പങ്കെടുക്കാനും താൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ ആരോഗ്യസ്ഥിതി അനുവദിക്കാത്തതുകൊണ്ടാണ് യാത്ര മാറ്റിവെക്കേണ്ടി വന്നതെന്നും മമിത വ്യക്തമാക്കി. ഇതിൽ മലയാളി സമൂഹത്തോട് നടി ഖേദം പ്രകടിപ്പിച്ചു. ഭാവിയിൽ ഒരിക്കൽ കൂടി ആസ്ട്രേലിയ സന്ദർശിക്കാനും ആരാധകരെ നേരിൽ കാണാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
സിനിമാജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് മമിത ബൈജു ഇപ്പോൾ കടന്നുപോകുന്നത്. നിവിൻ പോളിക്കൊപ്പം നായികയായി എത്തിയ ഏറ്റവും പുതിയ മലയാള ചിത്രമായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയറ്ററുകളിൽ വലിയ വിജയമായി മാറിയിരിക്കുകയാണ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം ഓണം റിലീസായി എത്തി പ്രേക്ഷകരുടെ വലിയ പ്രശംസയാണ് നേടുന്നത്. ഈ ചിത്രത്തിന്റെ വിജയം മമിതയുടെ കരിയറിലെ മറ്റൊരു വലിയ നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
യുവനിരയിൽ അതിവേഗം ശ്രദ്ധേയയായ മമിത, ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'പ്രേമലു' എന്ന ചിത്രത്തിലൂടെയാണ് തരംഗമായത്. തുടർന്ന് തമിഴിൽ അരങ്ങേറ്റം കുറിച്ച നടി, വിജയ് ചിത്രം 'ജന നായകന്‍', സൂര്യ ചിത്രം 'വിശ്വനാഥ് & സൺസ്' തുടങ്ങിയ വൻബജറ്റ് ചിത്രങ്ങളുടെയും ഭാഗമായി. ചുരുങ്ങിയ സമയംകൊണ്ട് ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ യുവനായികമാരിൽ ഒരാളായി മാറാൻ മമിതക്ക് സാധിച്ചിട്ടുണ്ട്. കരിയറിലെ ഈ തിരക്കുകൾക്കും വിജയങ്ങൾക്കുമിടയിലാണ് അപ്രതീക്ഷിതമായി എത്തിയ ആരോഗ്യപ്രശ്നങ്ങൾ താരത്തിന് തിരിച്ചടിയായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.