കല്ല്യാണിയും പ്രിയദർശനും

‘കല്യാണിയെ ഞാൻ സംവിധാനം ചെയ്യുമെന്ന് തോന്നുന്നില്ല, അവളും അത് ആഗ്രഹിക്കുന്നില്ല’; നടിയെന്നതിലുപരി അവൾ മകളായിരിക്കാനാണ് ഇഷ്ടമെന്ന് പ്രിയദർശൻ

തന്റെ പുതിയ ചിത്രമായ 'ഹൈവാൻ' റിലീസിനൊരുങ്ങുന്നതിന്റെ തിരക്കിലാണ് സംവിധായകൻ പ്രിയദർശൻ. ഇതിനിടയിൽ മകൾ കല്യാണി  തന്റെ ആദ്യ ഹിന്ദി ചിത്രമായ 'പ്രളയ്' ആരംഭിച്ചുകഴിഞ്ഞു. രൺവീർ സിങ് നായകനാകുന്ന ഈ ചിത്രത്തിലൂടെ കല്യാണി ബോളിവുഡിലേക്കും കാലെടുത്തു വെക്കുകയാണ്. മകളുടെ ഈ കരിയർ വളർച്ചയിൽ അഭിമാനിക്കുമ്പോഴും, കല്യാണിയെ താൻ സ്വന്തം സിനിമകളിൽ സംവിധാനം ചെയ്യില്ലെന്ന കടുത്ത തീരുമാനത്തിലാണ് പ്രിയദർശൻ. വ്യക്തിജീവിതവും തൊഴിൽ ജീവിതവും എപ്പോഴും വേറിട്ടുനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

‘ഞാൻ അവളെ ഒരിക്കലും സംവിധാനം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. അവളും തീർച്ചയായും അത് ആഗ്രഹിക്കുന്നില്ല. ഒരു നടിയെന്നതിലുപരി അവൾ എന്റെ മകളായിരിക്കാനാണ് എനിക്കിഷ്ടം. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, എങ്കിലും നിലവിൽ അവളെ ഡയറക്ട് ചെയ്യുന്നതിനെക്കുറിച്ച് എന്റെ ചിന്ത ഇതാണ്’ പ്രിയദർശൻ പറഞ്ഞു. 

എന്നാൽ കുടുംബം ഈ നിയമത്തിൽ ഒരു ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് എന്നതും കൗതുകകരമാണ്. പ്രശസ്ത ജ്വല്ലറി ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്സിനുവേണ്ടി കല്യാണിയെയും മുൻ ഭാര്യ ലിസിയെയും ഒന്നിപ്പിച്ച് ഒരു പരസ്യം താൻ അടുത്തിടെ സംവിധാനം ചെയ്തിട്ടുണ്ടെന്ന് പ്രിയദർശൻ വെളിപ്പെടുത്തി. മുൻകാലങ്ങളിൽ ലിസിയെ വെച്ച് 'ഓടരുതമ്മാവ ആളറിയാം', 'ബോയിംഗ് ബോയിംഗ്', 'തലവട്ടം', 'ചിത്രം' തുടങ്ങിയ നിരവധി മലയാള ചിത്രങ്ങൾ പ്രിയദർശൻ സംവിധാനം ചെയ്തിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോയിൻ ചിത്രമായ 'ലോക: ചാപ്റ്റർ 1: ചന്ദ്ര'യിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ വലിയ തരംഗമാണ് കല്യാണി സൃഷ്ടിച്ചത്. ഈ ചിത്രം എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഈ സിനിമ ചെയ്യുന്നതിൽ നിന്ന് താൻ മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് പ്രിയദർശൻ തുറന്നുപറയുന്നു.

"സിനിമയുടെ പൂർണ്ണമായ സ്ക്രിപ്റ്റ് ഞാൻ കേട്ടിരുന്നില്ല, ആ വിഷയം എനിക്ക് ഉൾക്കൊള്ളാനും കഴിഞ്ഞിരുന്നില്ല. അവൾ ആ ചിത്രത്തിൽ ഫൈറ്റ് ചെയ്യാൻ പോകുകയാണെന്ന് മാത്രമാണ് എന്നോട് പറഞ്ഞത്. അവൾക്ക് ഫൈറ്റ് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതിയേയില്ല! എന്നാൽ സിനിമയുടെ ആദ്യ കട്ട് കണ്ടപ്പോൾ ഞാൻ തെറ്റായിരുന്നു എന്ന് എനിക്ക് മനസ്സിലായി. അതിനുശേഷം, ചെയ്യുന്ന സിനിമകളെക്കുറിച്ചൊന്നും എന്നോട് പറയരുതെന്ന് ഞാൻ അവളോട് പറഞ്ഞു. ഞാനും അതിനെക്കുറിച്ച് ചോദിക്കാതിരിക്കാൻ തീരുമാനിച്ചു"- പ്രിയദർശൻ കൂട്ടിച്ചേർത്തു.

തന്റെ മുൻ ചിത്രമായ 'ഭൂത് ബംഗ്ല'യുടെ വിജയത്തിന് ശേഷം എത്തുന്ന 'ഹൈവാൻ' തന്റെ കരിയറിലെ പുതിയൊരു അധ്യായമായിരിക്കുമെന്നാണ് പ്രിയദർശൻ പ്രതീക്ഷിക്കുന്നത്. "എന്റെ കരിയർ ആരംഭിച്ചത് 'ഗാർദിഷ്', 'വിരാസത്' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്. എന്നാൽ 'ഹെറാ ഫേരി'ക്ക് ശേഷം ഞാൻ കോമഡി സിനിമകളുടെ ട്രാക്കിലേക്ക് പെട്ടുപോയി. ഗ്യാപ്പ് ആവശ്യമാണെന്ന് തോന്നി നിർമിച്ച ചിത്രമാണ് ഹൈവാൻ. ഇന്നത്തെ കാലത്ത് ഇത്തരം ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കുമെന്ന കാര്യത്തിൽ എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്" അദ്ദേഹം പറഞ്ഞു.

സെയ്ഫ് അലി ഖാൻ കരിയറിലാദ്യമായി കാഴ്ചശക്തിയില്ലാത്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹൈവാൻ. അക്ഷയ് കുമാർ വില്ലൻ വേഷത്തിലെത്തുന്ന ഈ ക്രൈം തില്ലറിൽ ബോമൻ ഇറാനി, ശാരിബ് ഹാശ്മി, സയാമി ഖേർ, ശ്രിയ പിൽഗോങ്കർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 11നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 

Tags:    
News Summary - Priyadarshan on Why He Won't Direct Daughter Kalyani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.