തന്‍റെ ശരീരത്തെക്കുറിച്ച് അരക്ഷിതാവസ്ഥയുണ്ടെന്ന് ചലച്ചിത്ര നിർമാതാവ് കരൺ ജോഹർ.'ബോഡി ഡിസ്‌മോർഫിയ' എന്ന അവസ്ഥയുമായി താൻ പോരാടുകയാണെന്ന് കരൺ ജോഹർ വെളിപ്പെടുത്തി. അതിൽ ഒരാൾക്ക് സ്വന്തം ശരീരം ഇഷ്ടപ്പെടില്ല, അസ്വസ്ഥത തോന്നും. കണ്ണാടിയിൽ സ്വയം നോക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ശരീരത്തിൽ ആത്മവിശ്വാസമില്ലാതിരിക്കുകയും പുറംകാഴ്ച്ചയിലെ കുറവുകളെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്ന മാനസികാവസ്ഥയാണ് ബോഡി ഡിസ്‌മോർഫിയ. പലപ്പോഴും വ്യക്തിക്ക് തോന്നുന്ന ഈ കുറവുകൾ കാഴ്ച്ചക്കാരന് തോന്നണമെന്നില്ല. ഏതു പ്രായക്കാരിലും ഈ അവസ്ഥയുണ്ടാകും. എങ്കിലും കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതൽ കാണപ്പെടാറുള്ളത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണിത്.
സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ സമീപകാല ഫോട്ടോഗ്രാഫുകളെല്ലാം ആരാധകരെ ഒരുപോലെ അമ്പരപ്പിക്കുന്നതാണ്. ഗംഭീര മേക്കോവർ തന്നെയാണ് കരൺ നടത്തിയിരിക്കുന്നത്. അവിശ്വസനീയമായ വിധം ശരീരഭാരം കുറിച്ച് മെലിഞ്ഞ കരണിനെയാണ് ഇപ്പോൾ കാണാനാവുക. എന്നാൽ പലരും കരണിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ദ്രുതഗതിയിൽ ശരീരഭാരം കുറക്കാൻ സഹായിക്കുന്ന ഒസെംപിക് എന്ന മരുന്ന് കരൺ ഉപയോഗിക്കുന്നുണ്ടെന്നാണ് ചിലർ പറയുന്നത്.
'എനിക്ക് ബോഡി ഡിസ്‌മോർഫിയ അനുഭവപ്പെടുന്നു. സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജ തോന്നുന്നു. എനിക്ക് കണ്ണാടിയിൽ എന്നെത്തന്നെ നോക്കാൻ പോലും കഴിയില്ല. ഇപ്പോൾ ആളുകൾ എന്നോട് ചോദിക്കുന്നു, 'നീ മൗഞ്ചാരോയിലാണോ? നീ ഒസെമ്പിക്കിലാണോ?' ഈ അഭിപ്രായങ്ങളിൽ ഞാൻ മടുത്തു. ആളുകൾക്ക് എന്‍റെ സത്യം അറിയില്ല'-കരൺ ജോഹർ പറഞ്ഞു. അടുത്തിടെയാണ് എനിക്ക് തൈറോയ്ഡ് ഉണ്ടെന്ന് കണ്ടെത്തിയത് ഈ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.