വെറും രണ്ട് വർഷത്തെ കരിയർ, ചെയ്തതെല്ലാം സൂപ്പർഹിറ്റുകൾ; കൊടൈക്കനാലിലെ സൂയിസൈഡ് പോയിന്റിൽ വെച്ച് കാർത്തികയുടെ ജീവൻ മോഹൻലാൽ രക്ഷിച്ചപ്പോൾ!

മലയാള സിനിമയിൽ വെറും രണ്ട് വർഷം മാത്രം സജീവമായിരുന്നിട്ടും ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്ന നടിയാണ് കാർത്തിക. ചെയ്ത സിനിമകളിലധികവും ക്ലാസിക്കുകളും ബ്ലോക്ക്ബസ്റ്ററുകളും.1979ൽ ശ്രീവിദ്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് കാമറക്ക് മുന്നിലെത്തിയെങ്കിലും, 1984ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഒരു പൈങ്കിളിക്കഥ'യിലൂടെയാണ് കാർത്തിക ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചത്. എന്നാൽ 1985ൽ അതേ സംവിധായകൻ തന്നെ 'മണിച്ചെപ്പ് തുറന്നപ്പോൾ' എന്ന ചിത്രത്തിൽ നൽകിയ പ്രധാന വേഷമാണ് കാർത്തികയുടെ കരിയറിൽ വഴിത്തിരിവായത്.

തുടർന്നുള്ള രണ്ട് വർഷങ്ങൾ മലയാള-തമിഴ് സിനിമാ ചരിത്രത്തിൽ കാർത്തികയുടെ സുവർണ്ണകാലമായിരുന്നു. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ഡോക്ടർ സുനിൽ കുമാറുമായുള്ള വിവാഹത്തിന് ശേഷം താരം വെള്ളിത്തിരയോട് വിടപറഞ്ഞു. 1991ൽ പുറത്തിറങ്ങിയ 'ആവുന്നിക്കുന്നിലെ കിന്നരിപ്പൂക്കൾ' ആയിരുന്നു അവസാന ചിത്രം. എങ്കിലും 1986, 87 കാലഘട്ടത്തിൽ അവർ ചെയ്ത കഥാപാത്രങ്ങൾ മുപ്പത് വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകമനസ്സിൽ മായാതെ നിൽക്കുന്നു.

പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റുപോലെ തുടങ്ങിയ പരീക്ഷണ ചിത്രങ്ങളിലും സത്യൻ അന്തിക്കാടിന്റെ സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലും കാർത്തിക തിളങ്ങി. ഭരതന്റെ നീലക്കുറിഞ്ഞി പൂത്തപ്പോൾ, പ്രിയദർശന്റെ താളവട്ടം എന്നിവയിലെ പ്രകടനങ്ങൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. കൂടാതെ കമലിന്റെ ഉണ്ണികളെ ഒരു കഥ പറയാം, ജോഷിയുടെ ജനുവരി ഒരു ഓർമ എന്നീ ചിത്രങ്ങളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മണിരത്നം-കമൽഹാസൻ ടീമിന്റെ ക്ലാസിക് ചിത്രം നായകൻ, ഫാസിൽ സംവിധാനം ചെയ്ത സത്യരാജ് ചിത്രം പൂവിഴി വാസലിലെ എന്നിവയിലൂടെ തമിഴകത്തും കാർത്തിക തന്റെ മുദ്ര പതിപ്പിച്ചു.

'ദേശാടനക്കിളി കരയാറില്ല' എന്ന ചിത്രത്തിലൂടെ ആരംഭിച്ച മോഹൻലാൽ-കാർത്തിക കൂട്ടുകെട്ട് മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളിലൊന്നായി മാറി. ഇവർ ഒന്നിച്ച മിക്ക ചിത്രങ്ങളും നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ നേടിയവയായിരുന്നു. തിരക്കഥാകൃത്ത് കലൂർ ഡെന്നീസ് 'ജനുവരി ഒരു ഓർമ' (1987) എന്ന ചിത്രത്തിന്റെ സെറ്റിൽ നടന്ന നടുക്കുന്ന ഒരു ഓർമ പണ്ട് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 1986ന്റെ അവസാനത്തിൽ കൊടൈക്കനാലിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഗൈഡായ രാജു (മോഹൻലാൽ), വിനോദസഞ്ചാരിയായ നിമ്മിയെ (കാർത്തിക) സൂയിസൈഡ് പോയിന്റ് കാണിച്ചുകൊടുക്കുന്നതായിരുന്നു ആദ്യത്തെ സീൻ.

തിരക്കഥ പ്രകാരം അവിടെ നടന്ന ഒരു ആത്മഹത്യയെക്കുറിച്ച് രാജു ഗൗരവത്തിൽ സംസാരിക്കുമ്പോൾ നിമ്മി കളിയായി ഇങ്ങനെ പറയുന്നു. ‘ഓ അങ്ങനെയാണോ? അപ്പൊ ഇത് പ്രേമ നൈരാശ്യമുള്ളവർക്ക് ചാടാൻ പറ്റിയ സ്ഥലമാണല്ലേ? എന്നാൽ ഞാനൊന്ന് നോക്കട്ടെ!’ എന്ന് പറഞ്ഞ് കാർത്തിക തമാശക്ക് ചാടാൻ ആഞ്ഞതും മോഹൻലാൽ പെട്ടെന്ന് അവരുടെ കൈത്തണ്ടയിൽ പിടിച്ച് പിന്നിലേക്ക് വലിച്ചു. ആ പിടുത്തത്തിൽ നിമ്മിയുടെ കണ്ണുകളിൽ വിരിയുന്ന ആശ്ചര്യം മനോഹരമായി ചിത്രീകരിക്കപ്പെട്ടു.

സംവിധായകൻ കട്ട് പറഞ്ഞപ്പോൾ യൂണിറ്റംഗങ്ങൾ കൈയടിച്ചെങ്കിലും കലൂർ ഡെന്നീസ് ഭയന്നുപോയി. ആ നിമിഷം മോഹൻലാൽ അവരുടെ കൈയിൽ പെട്ടെന്ന് പിടിച്ചില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ‘കാർത്തികയുടെ കാൽ അബദ്ധത്തിൽ ഒന്ന് തെന്നിയതാണോ എന്ന് എനിക്ക് തോന്നി. ഒരുപക്ഷേ അത് എന്റെ തോന്നൽ മാത്രമായിരിക്കാം, പക്ഷേ അതൊരു വലിയ ദുരന്തമായി മാറുമായിരുന്നു’. 1987 ജനുവരി 25ന് പുറത്തിറങ്ങിയ 'ജനുവരി ഒരു ഓർമ' വൻ വിജയമായി മാറി. 

Tags:    
News Summary - karthika filmography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.