കപിൽ ശർമയുടെ കഫേയിൽ വീണ്ടും വെടിവെപ്പ്, നാല് മാസത്തിനിടെ മൂന്നാം തവണ

ടൊറന്റോ: കൊമേഡിയൻ കപിൽ ശർമയുടെ കാനഡയിലെ സറേയിലുള്ള കാപ്സ് കഫേയിൽ വീണ്ടും വെടിവെപ്പ്. ബുധനാഴ്ച രാത്രിയാണ് വെടിവെപ്പ് നടന്നത്. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ ആക്രമണമാണ്. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ ഗോൾഡി ധില്ലൺ, കുൽദീപ് സിദ്ധു എന്നിവർ സോഷ്യൽ മീഡിയയിലൂടെ ആക്രമണകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനത്തിനുള്ളിൽ നിന്ന് അക്രമി തന്നെ പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കാറിന്‍റെ മുൻസീറ്റിൽ ഇരിക്കുന്ന ഒരാൾ കഫേക്ക് നേരെ ഒന്നിലധികം വെടിയുതിർക്കുന്നത് വിഡിയോയിൽ കാണാം. ബിഷ്‌ണോയി സംഘത്തെ കാനഡ ഔദ്യോഗികമായി വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം നടക്കുന്നത്.

അതേസമയം, പൊതുജനങ്ങളോട് തങ്ങൾക്ക് ഒരു വിദ്വേഷവുമില്ലെന്ന് ധില്ലണും സിന്ധുവും പോസ്റ്റ് ചെയ്തു. 'കാപ്സ് കഫേയിൽ നടന്ന മൂന്ന് വെടിവെപ്പുകളുടെ ഉത്തരവാദിത്തം ഞങ്ങൾ, കുൽദീപ് സിദ്ധുവും ഗോൾഡി ദില്ലണും ഏറ്റെടുക്കുന്നു. പൊതുജനങ്ങളുമായി ഞങ്ങൾക്ക് ഒരു ശത്രുതയുമില്ല. തർക്കമുള്ളവർ ഞങ്ങളിൽ നിന്ന് അകന്നു നിൽക്കണം. നിയമവിരുദ്ധമായ ജോലിയിൽ ഏർപ്പെടുകയും ആളുകൾക്ക് പണം നൽകാതിരിക്കുകയും ചെയ്യുന്നവരും തയാറായിരിക്കണം' -പോസ്റ്റിൽ അറിയിച്ചു. ബോളിവുഡിൽ മതത്തിനെതിരെ സംസാരിക്കുന്നവർക്കുള്ള മുന്നറിയിപ്പും വിഡിയോയിൽ നൽകിയിട്ടുണ്ട്. അവർ തയാറായിരിക്കണം. വെടിയുണ്ടകൾ എവിടെ നിന്നും വരാമെന്നും സന്ദേശത്തിൽ പറയുന്നു.

മുന്നറിയിപ്പിനെ തുടർന്ന്, കപിൽ ശർമ മുംബൈയിലെ തന്റെ വസതിയിൽ സുരക്ഷ വർധിപ്പിച്ചു. ജൂലൈ 10ന് നടന്ന ആദ്യ ആക്രമണത്തിൽ ഏകദേശം 10 വെടിയുണ്ടകൾ കഫേയുടെ ജനാലയിൽ പതിച്ചു. ആഗസ്റ്റ് എട്ടിന് രണ്ടാമത്തെ ആക്രമണത്തിൽ 25 തവണ വെടിയുതിർത്തു. അതേസമയം, ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷനൽ (ബി.കെ.ഐ) അംഗം ആക്രമണത്തിൽ തങ്ങളുടെ പങ്ക് സ്ഥിരീകരിച്ചു. കപിലിന്‍റെ ഷോയിൽ പങ്കെടുത്ത ഒരാൾ നിഹാങ് സിഖുകാരുടെ പെരുമാറ്റത്തെയും പരമ്പരാഗത വസ്ത്രധാരണത്തെയും കുറിച്ച് ചില പരാമർശങ്ങൾ നടത്തിയെന്നും ഇത് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പറഞ്ഞു.  

Tags:    
News Summary - Kapil Sharmas cafe attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.