ഹൊറർ ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ കങ്കണ റണാവത്ത്

ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കങ്കണ റണാവത്ത്. ലയൺസ് മൂവീസിന്റെ ഹൊറർ ചിത്രമായ 'ബ്ലെസ്ഡ് ബി ദി ഈവിളി'ലാണ് കങ്കണ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതെന്ന് യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിലെ കങ്കണയുടെ വേഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ടീൻ വുൾഫ് നടൻ ടൈലർ പോസി, സിൽവസ്റ്റർ സ്റ്റാലോണിന്റെ മകൾ സ്കാർലറ്റ് റോസ് സ്റ്റാലോൺ എന്നിവരോടൊപ്പം കങ്കണ അഭിനയിക്കുമെന്ന് അമേരിക്കൻ വിനോദ പോർട്ടൽ വെറൈറ്റി റിപ്പോർട്ട് ചെയ്തു. ചിത്രത്തിന്റെ നിർമാണം ന്യൂയോർക്കിൽ ആരംഭിക്കും. ഒരു ദമ്പതികളുടെ ജീവിതത്തിൽ നടക്കുന്ന ഭയാനകമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് റിപ്പോർട്ട്.

ന്യൂ മി, ടെയ്‌ലിങ് പോണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം അനുരാഗ് രുദ്ര സംവിധാനം ചെയ്യുന്ന 'ബ്ലെസ്ഡ് ബി ദ ഈവിളി'ന് അനുരാഗ് രുദ്രയും ലയൺസ് മൂവീസിന്റെ പ്രസിഡന്റും സ്ഥാപകനുമായ ഗാഥ തിവാരിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അനുരാഗ് രുദ്രയും ഗാഥ തിവാരിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

നാല് തവണ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച കങ്കണ അവസാനമായി അഭിനയിച്ചത് സ്വയം സംവിധാനം ചെയ്ത എമർജൻസിയിലാണ്. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ജനുവരി 17 നാണ് എമർജൻസി തിയറ്ററുകളിൽ എത്തിയത്. ഹിമാചൽ പ്രദേശിൽ നിന്നുള്ള ബി.ജെ.പിയുടെ ലോക്‌സഭ എം.പി കൂടിയാണ് കങ്കണ.

Tags:    
News Summary - Kangana Ranaut set to make Hollywood debut with horror drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.