കങ്കണ, ജാവേദ് അക്തർ
അഞ്ച് വർഷത്തെ നിയമനടപടികൾക്കൊടുവിൽ നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പിലെത്തി. വെള്ളിയാഴ്ച മുംബൈയിലെ ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഒത്തുതീർപ്പ് നടത്തിയത്. പ്രശ്നങ്ങൾ തീർന്നതായി കങ്കണ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചു.
പരസ്‌പരം നൽകിയ മാനനഷ്ടക്കേസുകൾ പിൻവലിക്കാൻ ജാവേദ് അക്തറും കങ്കണ റണാവത്തും സമ്മതിച്ചതായി പ്രസ്താവനയിൽ പറയുന്നു. 'ഇത്രയും വർഷങ്ങൾക്ക് ശേഷം, കാര്യങ്ങൾ ഒടുവിൽ പരിഹരിച്ചു. എനിക്കുണ്ടായ എല്ലാ അസൗകര്യങ്ങൾക്കും അവർ ക്ഷമാപണം നടത്തിയിട്ടുണ്ട്. ഞാൻ കേസ് പിൻവലിക്കും' -കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ജാവേദ് അക്തർ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ചതായും തന്‍റെ അടുത്ത സിനിമക്കായി അദ്ദേഹം ഗാനങ്ങൾ എഴുതാൻ സമ്മതിച്ചതായും കങ്കണ അറിയിച്ചു.
2016 മാർച്ചിൽ ജാവേദ് അക്തറിന്‍റെ വസതിയിൽ നടന്ന കൂടിക്കാഴ്ച മുതലാണ് ഇവർ തമ്മിലുള്ള തർക്കം ആരംഭിച്ചത്. ഒരു സഹനടനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജാവേദ് അക്തർ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കങ്കണ അവകാശപ്പെട്ടിരുന്നു. 2020-ൽ ടെലിവിഷൻ അഭിമുഖത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് കങ്കണക്കെതിരെ ജാവേദ് പരാതി നൽകിയതിനെ തുടർന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.