മലയാള സിനിമയെ പ്രശംസിച്ച് നടൻ കമൽഹാസൻ. യുവതാരങ്ങൾക്ക് പോലും അവരുടെ വേഷങ്ങളെക്കുറിച്ചുള്ള ധാരണയെ അദ്ദേഹം അഭിന്ദിച്ചു. ജോജു ജോർജിന്റെ പണി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. പണിയെ ഉദാഹരണമാക്കിയാണ് മലയാള സിനിമയെയും നടന്മാരെയും കുറിച്ച് കമൽഹാസൻ സംസാരിച്ചത്.
പേളി മാണിയുമായുള്ള അഭിമുഖത്തിലാണ് താരം സംസാരിച്ചത് പണിയിലെ അഭിനേതാക്കളായ സാഗർ സൂര്യയെയും ജുനൈസിനെയുമാണ് അദ്ദേഹം ഉദാഹരണമാക്കിയത്. മലയാള സിനിമകൾ കുറഞ്ഞ ബജറ്റിലാണ് നിർമിക്കപ്പെടുന്നതെന്നും ചെറിയ വേഷങ്ങളിലുള്ളവർ പോലും വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
'മലയാളസിനിമയിൽ ആരും അഭിനയിക്കുകയല്ല, പുതിയതായി വന്നവർക്കൊക്കെ സിനിമ എങ്ങനെ അറിയാമെന്ന് വിചാരിക്കും. ജോജുവിന്‍റെ സിനിമയിൽ രണ്ടു പേർ അഭിനയിച്ചിരുന്നു. അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രമായിരിക്കും, എന്നിട്ടും അവരുടെ കഥാപാത്രത്തെക്കുറിച്ചുള്ള ധാരണ നോക്കൂ. ഇത് വളരെ ആശ്ചര്യകരമാണ്, അവർ തങ്ങളുടെ വേഷത്തെ നന്നായി മനസിലാക്കുന്നു'-കമൽ ഹാസൻ പറഞ്ഞു.
കമൽഹാസൻ സംസാരിക്കുന്ന വിഡിയോ സാഗർ സൂര്യയും ജുനൈസും പങ്കുവെച്ചിട്ടുണ്ട്. 'ഞങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള കമൽഹാസൻ സാറിന്റെ വാക്കുകൾ കേൾക്കുമ്പോഴുള്ള സന്തോഷവുമായി ഒരു അവാർഡിനെയും താരതമ്യം ചെയ്യാൻ കഴിയില്ല. പണി വെറുമൊരു സിനിമയേക്കാൾ കൂടുതലായിരുന്നു, അത് ഞങ്ങളെ മാറ്റിമറിച്ച യാത്രയായിരുന്നു, അദ്ദേഹത്തിന്റെ പ്രശംസ അതിനെ ശരിക്കുംമറക്കാനാവാത്തതാക്കി.! ഞങ്ങളിൽ വിശ്വസിച്ച് ഇത് സാധ്യമാക്കിയതിന് ജോജു ചേട്ടന് നന്ദി -എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് സാഗർ പറഞ്ഞത്.
ജോജു ജോർജ്ജ് നായകനായ പണി ഇപ്പോൾ സോണിലിവിലും ഒ.ടി.ടിപ്ലേ പ്രീമിയത്തിലും സ്ട്രീമിങ്ങിനായി ലഭ്യമാണ്. ത്രില്ലർ, റിവഞ്ച് ചിത്രത്തിൽ അഭിനയയും പ്രധാന വേഷത്തിൽ എത്തി. സീമ, പ്രശാന്ത് അലക്സാണ്ടർ, അഭയ ഹിരൺമയി, ചാന്ദിനി ശ്രീധരൻ, സിജിത് ശങ്കർ, സോന മരിയ എബ്രഹാം, മെർലെറ്റ് ആൻ തോമസ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.
പണി ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നായിരുന്നു നിർമിച്ചത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.