ബംഗളൂരു: കന്നഡ പരാമര്‍ശം വിവാദമായതോടെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രദര്‍ശന അനുമതിക്ക് കര്‍ണാടക ഹൈകോടതിയെ സമീപിച്ച് നടന്‍ കമല്‍ ഹാസന്‍. തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച് നടത്തിയ പരാമർശം കർണാടകയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. കന്നഡ ഭാഷയുടെ ഉത്ഭവം തമിഴില്‍ നിന്നാണെന്നായിരുന്നു പരാമർശം. തന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ മുഖേനയാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
കര്‍ണാടക സംസ്ഥാന സര്‍ക്കാരിനോടും, പൊലീസ് വകുപ്പിനോടും, ചലച്ചിത്ര വ്യാപാര സംഘടനകളോടും ചിത്രത്തിന്റെ റിലീസ് തടസ്സപ്പെടുത്തരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹർജിയിൽ കമൽ ഹാസൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദര്‍ശനത്തിന് മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസ് ഡയറക്ടര്‍ ജനറലിനും സിറ്റി പോലീസ് കമീഷനറോടും നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സാണ് (കെ.എഫ്.സി.സി) കര്‍ണാടകയില്‍ ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. 24 മണിക്കൂറിനുള്ളില്‍ കമല്‍ ഹാസന് പരസ്യമായി മാപ്പ് പറയണമെന്നും കെ.എഫ്.സി.സി അന്ത്യശാസനം നല്‍കിയിരുന്നു.
എന്നാൽ കെ.എഫ്.സി.സിയുടെ ആവശ്യം കമല്‍ ഹാസന്‍ തള്ളി. തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുമെന്നും നിലവില്‍ തനിക്ക് തെറ്റ് പറ്റിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇതിനുമുമ്പും എന്നെ ഭീഷണപ്പെടുത്തിയിട്ടുണ്ട്.. ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും മാപ്പു പറയും. അങ്ങനെയല്ലെങ്കില്‍ ഒരിക്കലും പറയില്ല. ഇതാണ് എന്റെ ജീവിതശൈലി, ദയവുചെയ്ത് അതില്‍ ഇടപെടരുത്.' എന്നാണ് കമല്‍ ഹാസന്‍റെ പ്രതികരണം.
കന്നഡയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഉൾപ്പെടെ കമല്‍ ഹാസനെതിരെ രംഗത്തെത്തിയിരുന്നു. കമല്‍ ഹാസന്റെ സിനിമകൾ കര്‍ണാടകയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ രാഷ്ട്രീയനേതാക്കളും തീവ്ര കന്നഡ അനുകൂലികളും രംഗത്തെത്തിയതോടെയാണ് പ്രശ്‌നം വലിയ വിവാദത്തിലേക്ക് എത്തിയത്. കമല്‍ ഹാസന്‍ നായകനാകുന്ന മണിരത്‌നം ചിത്രം തഗ് ലൈഫ് ജൂൺ അഞ്ചിനാണ് തിയറ്ററിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.