അമിതാഭ് ബച്ചനും ജയ ബച്ചനും ഗുൽസാറും

'ഇതാദ്യമായാണ് അവർ ഇങ്ങനെ ചിരിക്കുന്നത് കാണുന്നത്'; ഗുൽസാറിനൊപ്പം പൊട്ടിച്ചിരിച്ച് ജയ ബച്ചൻ, വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ താരങ്ങളായ അമിതാഭ് ബച്ചനും ജയ ബച്ചനും പ്രശസ്ത ഗാനരചയിതാവ് ഗുൽസാറും ഒരുമിച്ച് എത്തിയ പുസ്തക പ്രകാശന ചടങ്ങിലെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈയിൽ നടന്ന ഡോ. പി. ജഗന്നാഥിന്റെ 'DR BLUE: A Cancer Surgeon's Journey into the Human Side of Healing' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ അതിഥികളായാണ് മൂവരും എത്തിയത്.

ചടങ്ങിൽ നിന്നുള്ള നിരവധി ഫോട്ടോകളും വിഡിയോകളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഗുൽസാറും ജയ ബച്ചനും തമ്മിലുള്ള ഒരു സൗഹൃദ സംഭാഷണമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. വിഡിയോയിൽ മൂവരും സ്റ്റേജിൽ ഒരുമിച്ച് നിൽക്കുന്നതായി കാണാം. ഗുൽസാർ ജയ ബച്ചന്റെ തോളിൽ കൈയിട്ട് നിൽക്കുന്നതും ഇരുവരും എന്തോ പറഞ്ഞ് ചിരിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ജയ ബച്ചൻ ഏറെ സന്തോഷത്തോടെ ചിരിക്കുന്നതും ആ നിമിഷം ആസ്വദിക്കുന്നതും കാണാം.

ഈ നിമിഷമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. വിഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.  ജയ ബച്ചന്റെ മുഖത്ത് ആദ്യമായി യഥാർത്ഥ ചിരി കാണുന്നു, അമിതാഭ് ബച്ചന്റെ മുഖത്ത് അസൂയയും. അവർ ക്യൂട്ട് ആണ്. ഗുൽസാർ സാഹിബിന്റെ സംഭാഷണ കഴിവ് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. എന്ത് തമാശയാണ് ആണ് അദ്ദേഹം പറഞ്ഞിട്ടുണ്ടാവുക, ജയ ബച്ചൻ ഇങ്ങനെ ചിരിക്കാൻ എന്നായിരുന്നു മറ്റൊരു കമന്റ്.

ജയ ബച്ചൻ എന്ന് കേൾക്കുമ്പോൾ തന്നെ ബോളിവുഡ് പ്രേക്ഷകരുടെ മനസ്സിൽ ആദ്യം വരുന്നത് ഗൗരവവും ദേഷ്യവുമാണ്. സോഷ്യൽ മീഡിയയിൽ ചിരിക്കുന്ന വിഡിയോ വൈറലാകുമ്പോഴും, മറുവശത്ത് ജയ ബച്ചന്റെ ദേഷ്യവും ചർച്ചയാണ്. തന്റെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ കാമറകൾ കടന്നുവരുന്നതിനോട് ജയ ബച്ചന് കടുത്ത എതിർപ്പാണ്. എയർപോർട്ടിലും പൊതുപരിപാടികളിലും ഫോട്ടോ എടുക്കാൻ തിക്കിത്തിരക്കുന്ന പാപ്പരാസികളോട് അവർ പലതവണ കയർത്തിട്ടുണ്ട്. ഫോട്ടോ എടുക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. 

രാജ്യസഭാ എംപി കൂടിയായ ജയ ബച്ചൻ, തന്നെ 'ജയ അമിതാഭ് ബച്ചൻ' എന്ന് വിളിച്ചതിനെതിരെ പാർലമെന്റിൽ പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. "ഞാൻ ജയ ബച്ചനാണ്, എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്, ഭർത്താവിന്റെ പേരിൽ മാത്രം അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അവരുടെ നിലപാട്. തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വരുന്ന അടിസ്ഥാനരഹിതമായ വാർത്തകളോടും ജയ ബച്ചൻ  അതൃപ്തി പ്രകടിപ്പിക്കാറുണ്ട്. 

എന്നാൽ അടുത്ത സുഹൃത്തുക്കളായ ഗുൽസാർ, ഷബാന ആസ്മി തുടങ്ങിയവർ പറയുന്നത്, ജയ ബച്ചൻ വളരെ സ്നേഹമുള്ള വ്യക്തിയാണെന്നും അനാവശ്യമായി തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുമ്പോൾ മാത്രമാണ് ദേഷ്യപ്പെടുന്നതെന്നുമാണ്.അതുകൊണ്ടാണ് ഗുൽസാറിനൊപ്പം ചിരിക്കുന്ന ഈ വിഡിയോ ആരാധകർക്ക് ഇത്രയും അപൂർവവും പ്രിയപ്പെട്ടതുമാകുന്നത്.

ഗുൽസാറും ജയ ബച്ചനും തമ്മിൽ വർഷങ്ങളുടെ പ്രൊഫഷണൽ ബന്ധമാണുള്ളത്. 'ഗുഡ്ഡി', 'കോഷിഷ്' തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനുമായും ഗുൽസാർ നിരവധി പ്രോജക്ടുകളിൽ സഹകരിച്ചിട്ടുണ്ട്. സിനിമക്കും സാഹിത്യത്തിനും കവിതക്കും അപ്പുറം തങ്ങളുടെ സൗഹൃദം ഇന്നും ഇരുവരും കാത്തുസൂക്ഷിക്കുന്നുണ്ട്. അതേസമയം, കെബിസി 18-ന്റെ ഷൂട്ടിംഗിനിടെ കാൽമുട്ടിന് പരിക്കേറ്റതിന് ശേഷമുള്ള അമിതാഭ് ബച്ചന്റെ ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്. ക്വിസ് ഷോയുടെ ഒരു എപ്പിസോഡിനിടെ സെറ്റിൽ വഴുതി വീണ് പരിക്കേറ്റതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Jaya Bachchan Finally Smiles Brightly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.