മുംബൈ: 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ‘നന്ദിയും അഭിമാനവും വിനയവും കൊണ്ട് നിറഞ്ഞിരിക്കുന്നു’വെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ‘ഈ ദേശീയ അവാർഡ് നേട്ടങ്ങളെക്കുറിച്ച് മാത്രമല്ല, ഞാൻ എന്ത് ചെയ്യുന്നു എന്നത് പ്രധാനമാണെന്ന് ഓർമപ്പെടുത്തുന്നുവെന്നും കൂടുതൽ മുന്നോട്ട് പോകാനും കഠിനാധ്വാനം ചെയ്യാനും സിനിമയെ സേവിക്കാനും അത് എന്നോട് പറയുന്നുവെന്നും’ ഷാരൂഖ് കൂട്ടിച്ചേർത്തു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കരിയറിലെ അദ്ദേഹത്തിന്റെ ആദ്യത്തെ ദേശീയ അവാർഡ് ആണിത്.
തന്റെ വരാനിരിക്കുന്ന ചിത്രമായ ‘കിംഗി’ന്റെ സെറ്റിൽവെച്ച് പരിക്കേറ്റതിനെത്തുടർന്ന് വലതുകൈക്ക് വിശ്രമം കൊടുത്ത നിലയിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ സന്ദേശത്തിൽ, ദേശീയ അവാർഡിനെ ‘ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന നിമിഷം’ എന്ന് നടൻ വിശേഷിപ്പിച്ചു.
ആഗോള ബോക്സ് ഓഫിസിൽ 1,100 കോടി രൂപയിലധികം കലക്ഷൻ നേടിയ ആറ്റ്‌ലിയുടെ ബ്ലോക്ക്ബസ്റ്റർ ‘ജവാനി’ലെ അഭിനയത്തിന് 59കാരനായ അദ്ദേഹം നടൻ വിക്രാന്ത് മാസിയോടൊപ്പം ബഹുമതി പങ്കിട്ടു. ‘ട്വൽത്ത് ഫെയ്ൽ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാസിക്ക് പുരസ്കാരം.
‘ജവാനി’ൽ ഷാരൂഖ് ഇരട്ട വേഷത്തിലാണ് അഭിനയിച്ചത്. മുൻ ആർമി ഓഫിസറായ വിക്രം റാത്തോഡായും, വ്യവസ്ഥാപരമായ അഴിമതി പരിഹരിക്കുക എന്ന ദൗത്യമുള്ള അദ്ദേഹത്തിന്റെ ജയിലറായ മകൻ ആസാദായും.
1992ൽ ‘ദീവാന’ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച നടൻ, വർഷങ്ങളായി തന്റെ കുടുംബം നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞു. ‘കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീട്ടിലെ കുട്ടിയെപ്പോലെ എനിക്ക് കൂടുതൽ സ്നേഹവും കരുതലും നൽകുന്ന എന്റെ ഭാര്യയും കുട്ടികളും എനിക്ക് ഏറ്റവും മികച്ചത് മാത്രം ആഗ്രഹിക്കുന്നവരാണ്. സിനിമയോടുള്ള അഭിനിവേശം എന്നെ അവരിൽ നിന്ന് അകറ്റുന്നുവെന്ന് അവർക്കറിയാം. പക്ഷേ, അവരതെല്ലാം ഒരു പുഞ്ചിരിയോടെ സഹിക്കുകയും എനിക്ക് സമയം അനുവദിക്കുകയും ചെയ്യുന്നു. അതിന് ഞാൻ വളരെ നന്ദിയുള്ളവനാണ്’ -അദ്ദേഹം പറഞ്ഞു.
പരിക്ക് ഭേദമായി ഉടൻ തന്നെ തിരിച്ചുവരുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആരാധകർക്കും നന്ദി പറഞ്ഞു. ‘എല്ലാ ആഹ്ലാദങ്ങൾക്കും എല്ലാ കണ്ണീരിനും നന്ദി. ഈ അവാർഡ് നിങ്ങൾക്കുള്ളതാണ്. ഓരോ അവാർഡും പോലെ. അതെ, നിങ്ങൾക്കായി എന്റെ കൈകൾ വിരിച്ച് സ്നേഹം പങ്കിടാൻ ഞാനാഗ്രഹിക്കുന്നു. എന്നാൽ, എക്കതിന് അൽപം പ്രയാസമുണ്ട്. വിഷമിക്കേണ്ട, പോപ്‌കോൺ തയ്യാറാക്കി വെക്കുക. ഞാൻ ഉടൻ തിയേറ്ററുകളിലും സ്‌ക്രീനിലും തിരിച്ചെത്തും. അതുവരെ, ഒരു കൈ മാത്രം’ - കിംഗ് ഖാൻ പറഞ്ഞു നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.