'90 കളിലെ വിജയ്‌യെപോലുണ്ട് കാണാൻ, എന്തുകൊണ്ട് അഭിനയിക്കുന്നില്ല?'; ജേസൺ സഞ്ജയോട് ചിരഞ്ജീവി

ഹൈദരാബാദ്: തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ജേസന്റെ ആദ്യ ചിത്രമായ 'സിഗ്മ'യുടെ ഹൈദരാബാദിൽ നടന്ന പ്രൊമോഷണൽ പരിപാടിക്കിടെ മെഗാസ്റ്റാർ ചിരഞ്ജീവി നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 1990-കളുടെ തുടക്കത്തിൽ വിജയ് എങ്ങനെയായിരുന്നുവോ, അതുപോലെ തന്നെയാണ് ജേസനെ കാണാൻ ഉള്ളതെന്ന് ചിരഞ്ജീവി പറഞ്ഞു. എന്തുകൊണ്ട് അഭിനയത്തിലേക്ക് വന്നില്ല എന്ന ചോദ്യവും അദ്ദേഹം വേദിയിൽ വെച്ച് ജേസനോട് ചോദിച്ചു.

"ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിക്കാൻ ജേസൺ വന്നപ്പോൾ ഞാൻ അവനോട് പറഞ്ഞു, 1993-95 കാലഘട്ടത്തിൽ നിന്റെ പിതാവ് എങ്ങനെയായിരുന്നുവോ അതുപോലെ തന്നെയാണ് നിന്നെ കാണാൻ. സംവിധാനത്തിന് പകരം എന്തുകൊണ്ട് നിനക്ക് അഭിനയിച്ചുകൂടാ എന്ന് ഞാൻ ചോദിച്ചു. എന്നാൽ എഴുത്തിലും സംവിധാനത്തിലുമാണ് തനിക്ക് പണ്ടുമുതലേ താല്പര്യമെന്നും അതിനാൽ ഈ വഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് അവൻ മറുപടി നൽകിയത്"- ചിരഞ്ജീവി പറഞ്ഞു.

ജേസന്റെ ഈ സർഗ്ഗാത്മക കഴിവുകൾക്ക് ചിരഞ്ജീവി ക്രെഡിറ്റ് നൽകിയത് പിതാവ് വിജയ്ക്കല്ല, മറിച്ച് മുത്തശ്ശനായ എസ്.എ ചന്ദ്രശേഖറിനും മുത്തശ്ശി ശോഭയ്ക്കുമാണ്. "മുത്തശ്ശനിൽ നിന്നും മുത്തസ്സിയിൽ നിന്നുമാണ് അവൻ ഈ ഗുണങ്ങൾ സ്വാംശീകരിച്ചിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ മുത്തശ്ശൻ എന്റെ 'ചട്ടനികി കല്ലു ലേവു' (1981), 'ദേവാന്തകുഡു' (1984) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും മുത്തശ്ശി അതിന് കഥയെഴുതുകയും ചെയ്തിട്ടുണ്ട്," ചിരഞ്ജീവി ഓർമ്മിച്ചു. പിതാവും മുത്തശ്ശനും എത്തിയ അതേ ഉയരങ്ങളിൽ 'സിഗ്മ'യിലൂടെ ജേസനും എത്തട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

1992-ൽ എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത 'നാളൈയ തീർപ്പ്' എന്ന ചിത്രത്തിലൂടെയാണ് പിതാവ് വിജയ് നായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് വിജയ്‌യെ ഒരു സൂപ്പർതാരമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച 'സെന്തൂരപാണ്ടി', 'രസികൻ', 'ദേവ' തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്തിട്ടുണ്ട്.

Tags:    
News Summary - 'Why Aren't You Acting?': Chiranjeevi to Vijay's Son Jason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.