കൊച്ചി: നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ഫെഫ്ക. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചുവെന്നും വിപിനെതിരെ നിലവിൽ സംഘടനക്ക് പരാതി ലഭിച്ചിട്ടില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഉണ്ണി മുകുന്ദനെതിരെ വിപിൻ പൊലീസിൽ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വിപിനെതിരെ നടിമാർ പരാതി നൽകിയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റിവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്‌ത് ഉണ്ണിമുകുന്ദൻ മർദിച്ചെന്ന് വിപിൻ ആരോപിച്ചിരുന്നു. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡി.എൽ.എഫ് ഫ്ലാറ്റിൽ 26ന് ഉച്ചക്ക് മർദനമേറ്റെന്നാണ് മൊഴി. മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞു.
എന്നാൽ ആരോപണം ഉണ്ണി മുകുന്ദൻ നിഷേധിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡി.ജി.പിക്കും എ.ഡി.ജി.പിക്കും നടൻ പരാതി നൽകിയത്. തനിക്ക് വധഭീഷണി ഉണ്ടെന്ന് പരാതിയിൽ ഉണ്ണി അവകാശപ്പെട്ടു. നീതി തേടി സംസ്ഥാന പൊലീസ് മേധാവിക്കും എ.ഡി.ജി.പിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.