ഈയടുത്ത കാലം വരെ ടെലിവിഷൻ അഭിനേതാക്കളുടെ പ്രതിഫലം സിനിമാ താരങ്ങളുടേതിനെ അപേക്ഷിച്ച് തീരെ കുറവായിരുന്നു. പ്രമുഖ ടെലിവിഷൻ താരങ്ങൾക്കു പോലും ടെലിവിഷൻ പ്രോഗ്രാമിലെ ഓരോ എപ്പിസോഡിനും തുച്ഛമായ തുക മാത്രമാണ് പ്രതിഫലം ലഭിച്ചിരുന്നത്. എന്നാൽ, കാലം മാറിയതോടെ ടെലിവിഷനിലെ പ്രതിഫലം കുത്തനെകൂടി. പല ടെലിവിഷൻ താരങ്ങളും സിനിമയേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്നവരായി മാറി.
സിനിമയിലെ പ്രമുഖർ ടെലിവിഷനിലെത്തുകയും, ഗെയിം ഷോകളും റിയാലിറ്റി ഷോകളുമായി ടെലിവിഷനും പുതിയ കാലഘട്ടത്തിലേക്ക് കടന്നതുമാണ് പ്രതിഫലത്തിൽ കുതിച്ചുചാട്ടം ഉണ്ടാക്കിയത്. നിലവിൽ ടെലിവിഷൻ വ്യവസായം സിനിമയുടേതിന് സമാനമാണ്.
ഈ സാഹചര്യത്തിലാണ്, ടെലിവിഷനിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സെലബ്രിറ്റി ആരാണെന്ന ചർച്ച പ്രസക്തമാകുന്നത്. കപിൽ ശർമ ഷോയുമായി കപിൽ ശർമയും ലോക്ക് അപ്പുമായി കങ്കണ രണാവതും കോൻ ബനേഗാ ക്രോർപതിയുമായി അമിതാഭ് ബച്ചനും കോഫി വിത്ത് കരണുമായി കരൺ ജോഹറുമെല്ലാം ടെലിവിഷൻ രംഗത്തുണ്ട്. ഇവരിൽ ആരെങ്കിലുമാകാം ഏറ്റവും വലിയ തുക പ്രതിഫലമായി വാങ്ങുന്നത് എന്ന് കരുതുന്നവരുണ്ട്. ഈ പരിപാടികളുടെ ഓരോ എപ്പിസോഡിനും ചുരുങ്ങിയത് ഒരു കോടി രൂപയാണ് അവതാരകരായ സിനിമാ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ കണക്കുകൾ ശരിയാണെങ്കിൽ, ഒരു ടെലിവിഷൻ ഷോയുടെ ഒരു സീസൺ അവതരിപ്പിച്ചാൽ ഇവർക്കു ലഭിക്കുന്ന പ്രതിഫലം ബോളിവുഡിലെ ഏറ്റവും വിലയേറിയ താരങ്ങളുടെ വരുമാനത്തെ കടത്തിവെട്ടും.
എന്നാൽ ഇവരെയെല്ലാം കടത്തിവെട്ടുന്ന ഒരു ‘ടെലിവിഷൻ’ താരമുണ്ട്. ബിഗ്സ്ക്രീനിലും സൂപ്പർ താരമായ ഇദ്ദേഹമാണ് ഇന്ത്യൻ ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. പറഞ്ഞുവരുന്നത് സൽമാൻ ഖാനെപ്പറ്റിയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോ അവതരിപ്പിക്കാൻ സൽമാൻ ഖാൻ വാങ്ങുന്ന പ്രതിഫലം കേട്ട് മൂക്കത്ത് വിരൽവച്ചിരിക്കുകയാണ് ആരാധകർ. ബിഗ് ബോസിന്റെ പതിനാറാം സീസണിൽ സൽമാൻ ഖാന്റെ പ്രതിഫലം ആയിരം കോടി രൂപയാണെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, പല അഭിമുഖങ്ങളിലും സൽമാൻ തന്റെ പ്രതിഫലത്തുക വളരെ കുറവാണെന്ന് സൂചിപ്പിച്ചിരുന്നു. ഒരു എപ്പിസോഡിന് 12.5 കോടിയാണ് സൽമാന്റെ പ്രതിഫലം എന്നാണ് വിശ്വസനീയമായ റിപ്പോർട്ടുകൾ പറയുന്നത്. ഇത് പ്രകാരം ഒരാഴ്ച്ചത്തേക്ക് 25 കോടി സൽമാന് ലഭിക്കും.
ടെലിവിഷൻ സീരിയലുകളിലെ അഭിനേതാക്കളുടെ പ്രതിഫലം സൽമാൻ ഖാന്റെ പ്രതിഫലവുമായി തട്ടിച്ചുനോക്കാൻ പോലും കഴിയില്ലെങ്കിലും, എപ്പിസോഡിന് മുപ്പതു ലക്ഷം ലഭിക്കുന്ന അഭിനേത്രികൾ ഹിന്ദി മേഖലയിലുണ്ട്. അനുപമ എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ പ്രശസ്തയായ രുപാലി ഗാംഗുലിയാണ് ഓരോ എപ്പിസോഡിനും മുപ്പതു ലക്ഷം രൂപ പ്രതിഫലം ഈടാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഹിനാ ഖാൻ, റോണിത് റോയ്, റാം കപൂർ എന്നിവർ ഒരു എപ്പിസോഡിന് വാങ്ങുന്ന തുക ഒന്നര ലക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.