സിനിമയോടും അഭിനേതാക്കളോടുമുള്ള സ്നേഹവും ആരാധനയും പല രീതിയിലാണ് പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്. അത്തരത്തിൽ ഒരു നടനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഒരു ഗ്രാമത്തിലെ ജനങ്ങൾ കണ്ടുപിടിച്ച വ്യത്യസ്തമായ വഴിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. അന്തരിച്ച നടൻ ഇർഫാൻ ഖാനോടുള്ള സ്നേഹത്തിൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഗ്രാമത്തിന്‍റെ പേര് ഹീറോ ചി വാദി എന്ന് പുനർനാമകരണം ചെയ്തിരിക്കുകയാണ്. പാത്ര്യാച്ച വാഡ എന്നായിരുന്നു ഗ്രാമത്തിന്‍റെ ആദ്യപേര്.
അടുത്തിടെ, ഒരു ഇൻഫ്ലുവെൻസർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ഇഗത്പുരിക്കടുത്തുള്ള ഗ്രാമത്തെക്കുറിച്ചും ഗ്രാമവാസികളുടെ ഇർഫാനോടുള്ള അചഞ്ചലമായ സ്നേഹത്തെക്കുറിച്ചും ഗ്രാമത്തിന്‍റെ ക്ഷേമത്തിനായുള്ള നടന്‍റെ സംഭാവനകളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു.
ഏകദേശം 15 വർഷം മുമ്പാണ് ചരിത്രപ്രസിദ്ധമായ ത്രിലങ്‌വാഡി കോട്ടക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇഗത്പുരി തഹസിൽ ഫാം ഹൗസ് നിർമിക്കാൻ ഇർഫാൻ സ്ഥലം വാങ്ങുന്നത്. ബോളിവുഡിന്‍റെ തിരക്കുകളിൽ നിന്ന് രക്ഷപ്പെട്ട് ഗ്രാമീണർക്കൊപ്പം ഇർഫാൻ സമയം ചെലവഴിക്കുമായിരുന്നു. ഇർഫാൻ കുട്ടികളുടെ മുന്നിൽ ഗിറ്റാർ വായിക്കുന്നതും ഗ്രാമീണർക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും വിഡിയോയിൽ കാണാം.
“ഞങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം ഞങ്ങളുടെ കൂടെ നിന്നു. “അദ്ദേഹം അവർക്ക് ആംബുലൻസ് സമ്മാനിച്ചു, കമ്പ്യൂട്ടറുകൾ നൽകി, പുസ്തകങ്ങൾ നൽകി, തണുപ്പുകാലത്ത് കുട്ടികൾക്കായി റെയിൻകോട്ടുകളും സ്വെറ്ററുകളും നൽകി. വിദ്യാർഥികൾക്ക് മികച്ച ഭാവി ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം സ്കൂളുകൾക്ക് ധനസഹായം നൽകിയെന്നും പറഞ്ഞാണ് ഇഗത്പുരിയിലെ ജില്ലാ പരിഷത്തിലെ പ്രമുഖ അംഗമായ ഗോരഖ് ബോഡ്കെ ഇർഫാൻ തങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ അനുസ്മരിക്കുന്നത്.
ആ ഗ്രാമത്തെക്കുറിച്ച് ഇർഫാന് സ്വപ്നങ്ങളുണ്ടായിരുന്നു. അത് സാക്ഷാത്കരിക്കാൻ ഇർഫാന്‍റെ ഭാര്യ സുതപ സിക്ദർ ശ്രമിക്കുകയാണെന്നും മകൻ ബാബിൽ ഖാൻ വ്യക്തമാക്കി
മഖ്ബൂൽ, ഹൈദർ, പാൻ സിങ് തോമർ, ലൈഫ് ഓഫ് പൈ, ദി ലഞ്ച്ബോക്സ് തുടങ്ങിയ നിരവധി സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇർഫാൻ കാൻസറുമായുള്ള നീണ്ട പോരാട്ടത്തിന് ശേഷം 2020 ഏപ്രിൽ 29 നാണ് അന്തരിച്ചത്. അംഗ്രെസി മീഡിയം ആയിരുന്നു നടന്‍റെ അവസാന തിയേറ്റർ റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.