ഇന്ത്യക്കാരുടെ സിനിമ സ്നേഹം തന്നെ ആവേശഭരിതനാക്കുന്നുവെന്നും സിനിമ എന്തായിരിക്കണം എന്നതിനെ കുറിച്ച് പ്രേക്ഷകർക്ക് ഇത്രമാത്രം വ്യക്തമായ കാഴ്ചപ്പാടുള്ള മറ്റൊരു സ്ഥലവും താൻ ലോകത്ത് ഒരിടത്തും കണ്ടിട്ടില്ലെന്നും ഓസ്കർ അവാർഡ് ജേതാവായ വിഖ്യാത ചലച്ചിത്ര സംവിധായകൻ ക്രിസ്റ്റഫർ നോളൻ.
പുതിയ സിനിമയായ ‘ദി ഒഡീസി’യുടെ റിലീസിന് മുന്നോടിയായി മുംബൈയിൽ നടത്തിയ പരിപാടിയിൽ നിർമാതാവും ഭാര്യയുമായ എമ്മ തോമസിനും നടന്മാരായ മാറ്റ് ഡാമൻ, ടോം ഹോളണ്ട് എന്നിവർക്കുമൊപ്പം സംസാരിക്കുകയായിരുന്നു നോളൻ. 2020ൽ പുറത്തിറക്കിയ ‘ടെനെറ്റ്’ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ഇന്ത്യയിൽ നടത്താനാണ് ആലോചിച്ചിരുന്നതെന്നും കോവിഡ് ആ പദ്ധതി തകിടം മറിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ടെനെറ്റി’ന്റെ കുറച്ചുഭാഗം മുംബൈയിലാണ് ചിത്രീകരിച്ചത്. ഹോളിവുഡിൽ ആളുകൾ തിയറ്ററിലേക്ക് എത്താത്തത് സംബന്ധിച്ച ചർച്ച നടക്കുമ്പോൾ തിയറ്ററിന് ഇനിയും ഭാവിയുണ്ടെന്ന് ഇന്ത്യ ബോധ്യപ്പെടുത്തുന്നുവെന്ന് എമ്മ തോമസ് പറഞ്ഞു. ക്രിസ്റ്റഫർ നോളൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ദി ഒഡീസി’ ജൂലൈ 17ന് ഇന്ത്യൻ തിയറ്ററുകളിൽ റിലീസ് ചെയ്യും. ഹോമറിന്റെ പുരാതന ഗ്രീക്ക് ഇതിഹാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ട്രോജൻ യുദ്ധത്തിന് ശേഷം വീട്ടിലേക്കുള്ള യാത്രയിൽ രാജാവായ ഒഡീസിയസ് പൗരാണിക ജീവികളോടും കനത്ത വെല്ലുവിളികളോടും പൊരുതുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.