ഇമ്രാൻ ഖാൻ മകളോടൊപ്പം
ബോളിവുഡ് താരം ഇമ്രാൻ ഖാൻ താൻ ഒറ്റക്ക് മകൾ ഇമാരയെ വളർത്തുന്നതിനിടയിൽ നേരിടുന്ന ചില വിഷമകരമായ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു സിംഗിൾ ഫാദർ ആയതുകൊണ്ടും തന്റെ വീട്ടിൽ ഒരു സ്ത്രീ സാന്നിധ്യമില്ലാത്തതിനാലും മകളുടെ കൂട്ടുകാരുടെ അമ്മമാർ മക്കളെ തന്റെ വീട്ടിലേക്ക് കളിക്കാൻ അയക്കാൻ മടിക്കുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. നടി പരിനീതി ചോപ്ര അവതരിപ്പിക്കുന്ന ‘മോം ടോക്സ്’ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്തപ്പോഴാണ് ഇമ്രാൻ തന്റെ മനസ്സിലെ സങ്കടങ്ങൾ പങ്കുവെച്ചത്.
മകൾ ഇമാര ആഴ്ചയിൽ മൂന്ന് മുതൽ നാല് ദിവസങ്ങൾ വരെ തനിക്കൊപ്പമാണ് കഴിയാറുള്ളതെന്ന് ഇമ്രാൻ മുൻപ് വ്യക്തമാക്കിയിരുന്നു. അവൾ തനിക്കൊപ്പം താമസിക്കുന്ന സമയങ്ങളിൽ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കാൻ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. ഇതേത്തുടർന്ന് മകളുടെ കൂട്ടുകാരുടെ അമ്മമാരെ വിളിച്ച് താരം സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ പലപ്പോഴും 'ഇന്നില്ല, അടുത്ത ആഴ്ച നോക്കാം' എന്ന രീതിയിലുള്ള മറുപടികളാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് ഇമ്രാൻ പറയുന്നു. ആവർത്തിച്ച് ഇത്തരം മറുപടികൾ വന്നപ്പോഴാണ് ഒരു സിംഗിൾ മാൻ ജീവിക്കുന്ന വീട്ടിലേക്ക്, പ്രത്യേകിച്ച് പെൺകുട്ടികളെ അയക്കാൻ അമ്മമാർക്ക് ചെറിയൊരു ഭയമുണ്ടെന്ന കാര്യം താൻ മനസ്സിലാക്കിയതെന്ന് താരം കൂട്ടിച്ചേർത്തു.
സമൂഹത്തിൽ പല തരത്തിലുള്ള മോശം പുരുഷന്മാരും ഉള്ളതുകൊണ്ട് തന്നെ ഒരു അമ്മയെന്ന നിലയിൽ അവരുടെ ആ ആശങ്കയെ തനിക്ക് പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കുമെന്നും താരം പറഞ്ഞു. എങ്കിലും, ഓരോ ആഴ്ചയും കൂട്ടുകാർക്ക് വരാൻ സാധിക്കില്ലെന്ന കാര്യം സ്വന്തം മകളോട് പറയേണ്ടി വരുന്നത് മാനസികമായി തന്നെ ഏറെ തളർത്തിയിരുന്നതായി ഇമ്രാൻ വെളിപ്പെടുത്തി. ഒരു സിംഗിൾ മദറിന് ലഭിക്കുന്നതുപോലെയുള്ള വൈകാരികമായ പിന്തുണയോ കൂട്ടായ്മയോ പലപ്പോഴും സിംഗിൾ ഫാദർമാർക്ക് പുരുഷന്മാർക്കിടയിൽ നിന്നും ലഭിക്കാറില്ലെന്ന യാഥാർത്ഥ്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബാല്യകാലം തൊട്ടുള്ള പ്രണയത്തിനൊടുവിൽ 2011-ലാണ് ഇമ്രാനും അവന്തികയും വിവാഹിതരായത്. 2013-ൽ ഇവർക്ക് ഇമാര എന്ന മകൾ ജനിച്ചു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും 2019-ൽ വേർപിരിയുകയുമായിരുന്നു. നിലവിൽ ലേഖ വാഷിങ്ടണുമായി പ്രണയത്തിലാണ് ഇമ്രാൻ ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.