സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകൻ ഇബ്രാഹിം അലി ഖാൻ ഇപ്പോൾ ബോളിവുഡിൽ സജീവമാണ്. എന്നാൽ ആദ്യ ചിത്രമായ നദാനിയൻ പുറത്തിറങ്ങിയ ശേഷം ഇബ്രാഹിമിന് വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. പിതാവുമായി പല താരതമ്യങ്ങളും നടന് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം താരതമ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇബ്രാഹിം അലിഖാൻ. ഇവയൊക്കെ സമ്മർദമായി കാണുന്നതിനുപകരം പ്രചോദനമായി കാണാൻ തീരുമാനിച്ചെന്നാണ് താരം പറയുന്നത്.
എസ്ക്വയർ ഇന്ത്യയുമായുള്ള സംഭാഷണത്തിലാണ് സെയ്ഫുമായുള്ള സാമ്യത്തെക്കുറിച്ചുള്ള നിരന്തരമായ പരാമർശങ്ങൾ തന്റെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് ഇബ്രാഹിം വിശദീകരിച്ചത്. 'ഞാൻ എന്റെ അച്ഛനെപ്പോലെയാണെന്ന് പലരും എന്നോട് പറയുമായിരുന്നു. 'നീ അവനെപ്പോലെയാണ്, നീ സെയ്ഫിനെപ്പോലെയാണ്' എന്നൊക്ക. നിരന്തരം അങ്ങനെ കേൾക്കുമ്പോൾ, അത് ഒരു മാനദണ്ഡമായി മാറുന്നു. കൂടുതൽ കൂടുതൽ അദ്ദേഹത്തെപ്പോലെയാകാൻ ആഗ്രഹിക്കുന്നു' -ഇബ്രാഹിം പറഞ്ഞു.
ഒരു നടൻ എന്ന നിലയിൽ തന്റെ പിതാവിന്റെ സ്ഥിരോത്സാഹത്തെയും വളർച്ചയെയും എത്രമാത്രം ബഹുമാനിക്കുന്നുവെന്നും ഇബ്രാഹിം വെളിപ്പെടുത്തി. 'എന്റെ അച്ഛൻ ഒരു അത്ഭുതകരമായ നടനാണെന്ന് ഞാൻ കരുതുന്നു. എനിക്ക് അദ്ദേഹത്തിൽ ശരിക്കും ഇഷ്ടപ്പെട്ടത് തുടക്കത്തിൽ അദ്ദേഹത്തെ സംശയിച്ച ധാരാളം ആളുകൾ ഉണ്ടായിരുന്നു എന്നതാണ്. അവിടെ നിന്ന് അദ്ദേഹം സിനിമകൾ എടുത്ത് തന്റെ സ്ഥാനം കണ്ടെത്തുകയും ഇന്നത്തെ വൈവിധ്യമാർന്ന നടനായി മാറുകയും ചെയ്തു' -ഇബ്രാഹിം പങ്കുവെച്ചു.
ഈ വർഷം ആദ്യം ഖുഷി കപൂറിനൊപ്പം നദാനിയൻ എന്ന ചിത്രത്തിലൂടെയാണ് ഇബ്രാഹിം അരങ്ങേറ്റം കുറിച്ചത്. ഷൗന ഗൗതം സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് റിലീസിൽ മഹിമ ചൗധരി, സുനിൽ ഷെട്ടി, ദിയ മിർസ, ജുഗൽ ഹൻസ്രാജ് എന്നിവരും അഭിനയിച്ചു. എന്നാൽ വലിയ താരനിര ഉണ്ടായിരുന്നിട്ടും ചിത്രം നിരൂപകരെയോ പ്രേക്ഷകരെയോ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.
പിന്നീട്, കയോസ് ഇറാനി സംവിധാനം ചെയ്ത സർസമീൻ എന്ന ചിത്രത്തിലൂടെ ഇബ്രാഹിം തിരിച്ചെത്തി. കാജോളും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിനും പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ, ഇബ്രാഹിം തന്റെ സ്‌പോർട്‌സ് ഡ്രാമയായ ദിലറിനായി തയാറെടുക്കുകയാണ്. കുനാൽ ദേശ്മുഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും അഭിനയിക്കും. ചിത്രം 2026ൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.