ഷാരിബ് ഹാഷ്മിയും ഭാര്യ 

'വീടും സ്വത്തും ഭാര്യയുടെ ആഭരണങ്ങളുംവരെ വിൽക്കേണ്ടിവന്നു'; സ്വപ്നങ്ങൾക്ക് അവൾ കൂട്ടായി, ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരം

'ദി ഫാമിലി മാൻ' എന്ന വെബ് സീരീസിലെ ജെ.കെ തൽപഡെ എന്ന കഥാപാത്രത്തിലൂടെ ഇന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പ്രിയങ്കരനാണ് ഷാരിബ് ഹാഷ്മി. എന്നാൽ ഈ വിജയത്തിന് പിന്നിൽ നീണ്ട 15 വർഷത്തെ കണ്ണീരും വിയർപ്പും കലർന്ന വലിയൊരു പോരാട്ടത്തിന്റെ കഥയുണ്ട്. സിനിമ എന്ന സ്വപ്നത്തിന് വേണ്ടി മാസം 25,000 രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിക്കുമ്പോൾ അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് വർഷമേ ആയിരുന്നുള്ളൂ. മുംബൈയിൽ ലോണെടുത്ത് ഒരു വീട് വാങ്ങിയ സമയത്തായിരുന്നു തികച്ചും റിസ്ക് നിറഞ്ഞ ഈ തീരുമാനമെന്ന് ഷാരിബ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഷാരിബിന്റെ കഴിവിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്ന ഭാര്യ നസ്രീൻ എല്ലാ പ്രതിസന്ധികളിലും അദ്ദേഹത്തിന് കരുത്തായി നിന്നു. സമ്പാദ്യമെല്ലാം തീർന്നപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തന്റെ കൈവശമുണ്ടായിരുന്ന ഓരോ സ്വർണ്ണാഭരണങ്ങളും നസ്രീന് വിൽക്കേണ്ടി വന്നു. താമസിച്ചിരുന്ന വീടും ഒടുവിൽ പാരമ്പര്യമായി കിട്ടിയ വീടും വിൽക്കേണ്ടി വന്ന സാഹചര്യമുണ്ടായി. കൈയിൽ ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയിൽ ഒരു മാളിന് മുന്നിലിരുന്ന് ആരോടാണ് സഹായം ചോദിക്കേണ്ടത് എന്ന് ആലോചിച്ച് വിഷമിച്ചിരുന്ന നാളുകൾ ഷാരിബ് ഇന്നും വേദനയോടെ ഓർക്കുന്നു. പട്ടിണിയിലായ പല ദിവസങ്ങളിലും സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ആ കുടുംബം പട്ടിണി മാറ്റിയത്.

കുട്ടികളുടെ സ്കൂൾ ഫീസ് പോലും അടക്കാൻ കഴിയാതെ വന്നപ്പോൾ നസ്രീൻ തകർന്നുപോയിരുന്നു. എങ്കിലും തന്റെ സ്വപ്നത്തിന് വേണ്ടി രണ്ട് വർഷം കൂടി സമയം ചോദിച്ച ഷാരിബിനെ അവർ തടഞ്ഞില്ല. ആ കാത്തിരിപ്പിന് ഒടുവിലാണ് ദ ഫാമിലി മാൻ എന്ന വലിയ അവസരം അദ്ദേഹത്തെ തേടിയെത്തിയത്. സീരീസ് വലിയ വിജയമായതോടെ ഷാരിബിന്റെ ജീവിതം മാറിമറിഞ്ഞു. പണ്ട് വിൽക്കേണ്ടി വന്ന ആഭരണങ്ങളെല്ലാം അദ്ദേഹം ഭാര്യക്ക് തിരികെ വാങ്ങി നൽകി തന്റെ വാക്ക് പാലിച്ചു.

സിനിമയിൽ വിജയിച്ചെങ്കിലും ഷാരിബിന്റെ കുടുംബത്തെ തേടി മറ്റൊരു പരീക്ഷണം കൂടിയെത്തി. നസ്രീന് കാൻസർ ബാധിച്ചു. നിലവിൽ ചികിത്സയിലാണെങ്കിലും ഷാരിബിന്റെ സിനിമാ ജീവിതത്തിന് ഇന്നും വലിയ പിന്തുണ നൽകുന്നത് നസ്രീൻ തന്നെയാണ്. ഷാരൂഖ് ഖാൻ നായകനായ 'ജബ് തക് ഹേ ജാൻ', 'ഫിലിമിസ്താൻ', 'വിക്രം വേദ' തുടങ്ങി നിരവധി ചിത്രങ്ങളിൽ ഷാരിബ് തന്റെ അഭിനയ മികവ് തെളിയിച്ചു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഹൈവാൻ' എന്ന ത്രില്ലറിലാണ് അദ്ദേഹം ഇനി അഭിനയിക്കുന്നത്.

Tags:    
News Summary - 'I had to sell my house, property and even my wife's jewelry'; The star followed his dreams and today has fans all over the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.