ജ്യോതിക

'ഞാൻ ഇപ്പോഴും രാവിലെ നേരത്തെ എഴുന്നേൽക്കുന്ന, രാത്രി വൈകി ഉറങ്ങാത്ത പഴയ തെന്നിന്ത്യക്കാരി തന്നെയാണ്'; മുംബൈയിലേക്ക് മടങ്ങിയതിൽ ജ്യോതിക

ദക്ഷിണേന്ത്യൻ സിനിമാലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രിയ നടി ജ്യോതിക നീണ്ട ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം തന്റെ ജന്മനാടായ മുംബൈയിലേക്ക് താമസം മാറിയ താരം, കഴിഞ്ഞ മൂന്ന് വർഷമായി ഹിന്ദി പ്രോജക്ടുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എങ്കിലും ദക്ഷിണേന്ത്യൻ സിനിമകളോട് താൻ പൂർണ്ണമായി വിടപറഞ്ഞിട്ടില്ലെന്ന് ജ്യോതിക വ്യക്തമാക്കുന്നു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുംബൈയിലേക്കുള്ള തന്റെ മടങ്ങിവരവിനെക്കുറിച്ചും ഭാഷയോടുള്ള വൈകാരികമായ അടുപ്പത്തെക്കുറിച്ചും താരം മനസ്സ് തുറന്നത്.

ഒരു പഞ്ചാബിയും ഹിന്ദുവുമായ പിതാവിന്റെയും മഹാരാഷ്ട്രക്കാരിയും മുസ്ലീമുമായ അമ്മയുടെയും മകളായി മുംബൈയിലാണ് ജ്യോതിക ജനിച്ചതും വളർന്നതും. 1998-ൽ പ്രിയദർശൻ സംവിധാനം ചെയ്ത 'ഡോലി സജാ കേ രഖ്നാ' എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും ബോക്സ് ഓഫീസിൽ ആ ചിത്രം പരാജയപ്പെട്ടു. എന്നാൽ തൊട്ടടുത്ത വർഷം എസ്.ജെ. സൂര്യയുടെ തമിഴ് ചിത്രം 'വാലി'യിൽ അജിത്തിന്റെ നായികയായി എത്തിയതോടെ ജ്യോതികയുടെ കരിയർ മാറിമറിഞ്ഞു. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

"ബോംബെ എപ്പോഴും എന്റെ വീടായിരുന്നു. ഞാൻ വളർന്നത് ഇവിടെയാണ്. അതുകൊണ്ട് തന്നെ സ്വന്തം ഭാഷ സംസാരിക്കാൻ കഴിയാത്തതിന്റെ ഒരു ശൂന്യത എപ്പോഴും ഉണ്ടായിരുന്നു," ഏറെ സന്തോഷത്തോടെ ജ്യോതിക പറഞ്ഞു. "പക്ഷേ, സൗത്ത് ഇന്ത്യയിൽ ചെയ്ത കാര്യങ്ങളിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. അവിടെ എനിക്ക് ലഭിച്ച വൈവിധ്യമാർന്ന വേഷങ്ങൾ ഒരിക്കലും ബോളിവുഡിൽ ലഭിക്കുമായിരുന്നില്ല. അവിടെ നിന്ന് പഠിച്ച അനുഭവസമ്പത്താണ് എന്നെ വീണ്ടും ഹിന്ദിയിലേക്ക് എത്തിച്ചത്." തന്റെ 40-കളിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വഴി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്നതിൽ ജ്യോതിക സന്തോഷം പ്രകടിപ്പിച്ചു.

അടുത്തിടെ അജയ് ദേവ്ഗണിനൊപ്പം അഭിനയിച്ച 'ശൈത്താൻ', രാജ്കുമാർ റാവുവിനൊപ്പം അഭിനയിച്ച 'ശ്രീകാന്ത്' എന്നീ ചിത്രങ്ങളിലൂടെ താരം ഹിന്ദിയിൽ മികച്ച വിജയം നേടിയിരുന്നു. ഡിജിറ്റൽ ലോകത്തേക്ക് ചുവടുവെച്ച ജ്യോതികയുടെ പുതിയ കോർട്ട്‌റൂം ഡ്രാമ സീരീസ് ആയ 'സിസ്റ്റം' മെയ് 22 മുതൽ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിക്കുകയാണ്. കൊവിഡ് കാലത്ത് തിയറ്ററുകൾ അടഞ്ഞുകിടന്നപ്പോൾ ഭർത്താവ് സൂര്യയുടെയും ജ്യോതികയുടെയും നിർമാണ കമ്പനിയായ '2D എന്റർടൈൻമെന്റ്' സിനിമകൾ നേരിട്ട് ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തീരുമാനമെടുത്തിരുന്നു. അവരുടെ 'സൂരറൈ പോട്ര്' എന്ന ചിത്രം അഞ്ച് ദേശീയ പുരസ്കാരങ്ങളാണ് അന്ന് സ്വന്തമാക്കിയത്.

തെന്നിന്ത്യൻ സിനിമയിൽ ഒടുവിലായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ച 'കാതൽ ദി കോർ' എന്ന മലയാള ചിത്രത്തിന് ശേഷം ജ്യോതിക മുംബൈയിലേക്ക് മാറിയതോടെ താരം സൗത്ത് ഇന്ത്യൻ സിനിമകൾ ഉപേക്ഷിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. "എന്റെ ഹൃദയം ഇപ്പോഴും സൗത്തിലാണ്. 27 വർഷത്തോളം ഞാൻ അവിടെയാണ് ജീവിച്ചത്. ഞാൻ ഇപ്പോഴും രാവിലെ നേരത്തെ എഴുന്നേൽക്കുന്ന, രാത്രി വൈകി ഉറങ്ങാത്ത പഴയ തെന്നിന്ത്യക്കാരി തന്നെയാണ്. ചായയേക്കാൾ കൂടുതൽ എനിക്കിപ്പോഴും ഇഷ്ടം ഫിൽട്ടർ കോഫിയാണ്," ജ്യോതിക ചിരിച്ചുകൊണ്ട് പറഞ്ഞു. മാതാപിതാക്കളുടെ അരികിലേക്ക് തിരികെ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെങ്കിലും തെന്നിന്ത്യൻ സിനിമയും ബോളിവുഡും തന്റെ ജീവനാണെന്ന് പറഞ്ഞാണ് ജ്യോതിക അഭിമുഖം അവസാനിപ്പിച്ചത്.

Tags:    
News Summary - 'I am still the same old South Indian who wakes up early in the morning and doesn't sleep late at night'; Jyothika on returning to Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.