ജാലിയൻ വാലാബാഗ് ഇരകളെ കൊള്ളക്കാരെന്ന് അധിക്ഷേപിച്ച, കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള മേധാവി ജനറൽ ഡയറിന്റെ കൊച്ചുമകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് ചലച്ചിത്രകാരൻ കരൺ ജോഹർ. അടുത്താഴ്ച പുറത്തിറങ്ങാനിരിക്കുന്ന, ജാലിയൻ വാലാബാഗ് ചരിത്രം പറയുന്ന ‘കേസരി 2’ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നിർമാതാവ് കരൺ ജോഹർ പ്രതികരിച്ചത്. കൂട്ടക്കൊല നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ധീരമായ നിയമപോരാട്ടം നടത്തിയ മലയാളി അഭിഭാഷകൻ ചേറ്റൂർ ശങ്കരൻ നായരുടെ കഥ പറയുന്ന സിനിമയിൽ അക്ഷയ് കുമാറാണ് ശങ്കരൻ നായരുടെ വേഷമിടുന്നത്.
ജാലിയൻ വാലാബാഗിൽ ജീവനോടെ ബാക്കിയായ ബൽവന്ത് സിങ് എന്ന സമരപോരാളിയുടെ പിന്മുറക്കാരനായ രാജ് കോഹ്ലിയും ജനറൽ ഡയറുടെ കൊച്ചുമകൾ കരോളിൻ ഡയറും സംബന്ധിച്ച ഒരു അഭിമുഖത്തിലാണ്, അവർ വിവാദ പരാമർശം നടത്തിയത്. ‘‘ജനറൽ ഡയർ ഒരു ബഹുമാന്യ വ്യക്തിയായിരുന്നു. ഇന്ത്യക്കാരെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം മൂന്നോ നാലോ ഇന്ത്യൻ ഭാഷകൾ സംസാരിക്കുമായിരുന്നു.’’ -കരോളിൻ പറഞ്ഞു.
വെടിയേറ്റു വീണ ശരീരങ്ങൾക്കിടയിൽ ഒളിച്ചിരുന്ന് രക്ഷപ്പെട്ട ബൽവന്ത് സിങ്ങിന്റെ അനുഭവങ്ങൾ കോഹ്ലി വിവരിക്കവെ, ‘‘ബൽവന്ത് ഒരു കൊള്ളക്കാരനായിരുന്നു’’ എന്ന് കരോളിൻ ഇടക്കുകയറി പറയുകയായിരുന്നു. ഇതിൽ കോഹ്ലി ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് കരോളിനെതിരെ കരൺ ജോഹർ കടുത്ത ഭാഷയിൽ സംസാരിച്ചത്.
‘‘ഞാനാ വിഡിയോ കണ്ടു. ഒരിന്ത്യക്കാരനോ ഒരു മനുഷ്യസ്നേഹിയോ ആയില്ലെങ്കിൽ പോലും, സഹാനുഭൂതിയുടെ ഒരു തുള്ളിയെങ്കിലും ഉള്ളിലുള്ള ആളാണെങ്കിൽ ആ അധിക്ഷേപം കേട്ടാൽ കോപം വരും. എന്തു അസംബന്ധമാണവർ പറഞ്ഞത്. എങ്ങനെ ധൈര്യം വന്നു അവർക്കത് പറയാൻ ? ആയിരക്കണക്കിന് പോരാളികളെ കൊള്ളക്കാരെന്ന് വിളിക്കാൻ അവർക്കെങ്ങനെ കഴിഞ്ഞു. ബുള്ളറ്റുകൾ തീർന്നതുകൊണ്ടുമാത്രമാണ് വെടിവെപ്പ് അവസാനിപ്പിച്ചതെന്ന് ജനറൽ ഡയർ തന്നെ പറഞ്ഞതുമാണ്. ഞാനവരെ ഇതുവരെ കണ്ടിട്ടില്ല. കാണണമെന്നുമില്ല’’ -കരൺ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.