സാമന്ത

സാമന്തയുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം; ഡീപ്‌‌ഫേക്കുകൾ നീക്കം ചെയ്യാൻ ഹൈകോടതി ഉത്തരവ്

നടി സാമന്ത റൂത്ത് പ്രഭുവിന്റെ അനുമതിയില്ലാതെ പേര്, ചിത്രം, ശബ്ദം, വ്യക്തിത്വ സവിശേഷതകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഡീപ്‌ഫേക്ക് വിഡിയോകളും വ്യാജ ഉള്ളടക്കങ്ങളും ഇന്റർനെറ്റിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാൻ ബോംബെ ഹൈകോടതി ഉത്തരവിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വിവിധ വെബ്‌സൈറ്റുകളിലും സാമന്തയുടെ പേരിൽ പ്രചരിക്കുന്ന അശ്ലീല ദൃശ്യങ്ങൾ, വ്യാജ ശബ്ദരേഖകൾ, എ.ഐ ചാറ്റ്‌ബോട്ടുകൾ തുടങ്ങിയവ പൂർണ്ണമായും തടയണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

സാമന്ത നൽകിയ ഹരജിയിൽ ജസ്റ്റിസ് മാധവ് ജാംദാർ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് നിർമിച്ച ഡീപ്‌ഫേക്കുകളും മോർഫ് ചെയ്ത ചിത്രങ്ങളും തടയണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. വ്യക്തിത്വ അവകാശങ്ങൾ എന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യതക്കുള്ള അവകാശം, അവിഭാജ്യമായ മനുഷ്യന്റെ അന്തസ്സ്, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെല്ലാം ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ ലംഘിക്കപ്പെടുകയാണെന്ന് കോടതി വ്യക്തമാക്കി. സാമന്തക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രഷ്മിൻ ഖണ്ഡേക്കർ, നടിയുടെ പേരിൽ ഇന്റർനെറ്റിൽ നടക്കുന്ന അതിക്രമങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

സാമന്തയുടെ ശബ്ദം എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച ഉള്ളടക്കങ്ങൾ, അശ്ലീല വിഡിയോകൾ, നടിയുടെ ഐഡന്റിറ്റി ഉപയോഗിച്ച് നിർമിച്ച ഇന്ററാക്ടീവ് എ.ഐ ചാറ്റ്‌ബോട്ടുകൾ എന്നിവ ഉദാഹരണമായി കോടതിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടു. തുടർന്നാണ് സാമന്തയുടെ പേരോ ചിത്രമോ ശബ്ദമോ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കിക്കൊണ്ട് പ്രതികൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും കോടതി കർശന നിർദേശം നൽകിയത്.

യൂട്യൂബിനെതിരെ പരാതിയുമായി ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും കോടതിയിൽ എത്തിയിരുന്നു. തങ്ങളുടെ വ്യക്തിത്വങ്ങൾ ദുരുപയോഗം ചെയ്യുന്ന എ.ഐ വിഡിയോകളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. സാമ്പത്തിക നഷ്ടവും ദമ്പതികളുടെ അന്തസ്സിന് കോട്ടവും വരുത്തിയെന്നും ചൂണ്ടിക്കാട്ടി ഡൽഹി ഹൈകോടതി ഇതിനകം 518 വെബ്‌സൈറ്റ് ലിങ്കുകളും പോസ്റ്റുകളും നീക്കം ചെയ്യാൻ ഉത്തരവിട്ടിരുന്നു. 

Tags:    
News Summary - HC Orders Takedown Of Samantha Deepfakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.