'മോഹൻലാലിനേക്കാൾ മികച്ച ഒരു നടൻ ഇന്ത്യയിലില്ല'; വലിയ ആരാധകനെന്ന് ബോണി കപൂർ
ഇന്ത്യൻ സിനിമാ ലോകത്ത് ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിന്റെ വളർച്ചയും അവിടെയുള്ള പ്രതിഭകളുടെ സാന്നിധ്യവും വീണ്ടും ചർച്ചയാകുന്നു. പ്രമുഖ ബോളിവുഡ് സിനിമാ നിർമാതാവായ ബോണി കപൂറാണ് ഇപ്പോൾ ദക്ഷിണേന്ത്യൻ സിനിമകളെയും അഭിനേതാക്കളെയും വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെയാണ് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച നടനായി വിശേഷിപ്പിച്ചത്.
ഒരു സിനിമയുടെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കവെയാണ് ബോണി കപൂർ ദക്ഷിണേന്ത്യൻ സിനിമയോടുള്ള തന്റെ അനുഭാവവും ആരാധനയും വ്യക്തമാക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അപാരമായ കഴിവുള്ള കലാകാരന്മാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമക്ക് ഗ്ലാമറിന്റെ പുതിയ മാനങ്ങൾ നൽകിയത് തെലുങ്ക് സിനിമയാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം മുൻകാല ദക്ഷിണേന്ത്യൻ സംവിധായകരുടെ ദീർഘവീക്ഷണത്തെയും ഗാനരംഗങ്ങളിലെ ദൃശ്യമനോഹാരിതയെയും ഓർത്തെടുത്തു.
തുടർന്നാണ് അദ്ദേഹം മോഹൻലാലിനെ കുറിച്ച് സംസാരിച്ചത്. "നമ്മുടെ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടൻ മലയാള സിനിമയിൽ നിന്നുള്ള മോഹൻലാലാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയിൽ അദ്ദേഹത്തേക്കാൾ മികച്ച മറ്റൊരു നടനില്ല. രാജ്യത്ത് കഴിവുള്ള ഒരുപാട് നല്ല അഭിനേതാക്കൾ ഉണ്ടായിരിക്കാം, എന്നാൽ മോഹൻലാലിനേക്കാൾ മുകളിൽ നിൽക്കുന്ന ആരുമില്ല," എന്ന് ബോണി കപൂർ അത്യന്തം ആവേശത്തോടെ കൂട്ടിച്ചേർത്തു.
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നിരവധി വൻകിട ചിത്രങ്ങൾ നിർമിച്ചിട്ടുള്ള നിർമാതാവാണ് ബോണി കപൂർ. അദ്ദേഹത്തിന്റെ നിർമാണത്തിലൊരുങ്ങുന്ന 'മോം 2', 'നോ എൻട്രി 2' എന്നീ ചിത്രങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. അതേസമയം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ദൃശ്യം 3' ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം (L366)' എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മീര ജാസ്മിൻ നായികയായി എത്തുന്ന ഈ ചിത്രം വരും ഡിസംബർ 24-ഓടെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.