'തലച്ചോറിന് ക്ഷതമേറ്റ് ആശുപത്രിയിലായി'; 'ബസൂക്ക' ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് ഹക്കിം

ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. ഹക്കിം ഷാജഹാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ബസൂക്കയുടെ വിശേഷങ്ങളും ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തേക്കുറിച്ചും സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ. ​ഗെയിമറായ സണ്ണി എന്ന കഥാപാത്രത്തെയാണ് ഹക്കിം സിനിമയിൽ അവതരിപ്പിച്ചത്.

'ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അത്ഭുതകരമായ അവസരം ലഭിച്ചു! ഇത് ഞാൻ എപ്പോഴും വിലമതിക്കുന്ന ഒന്നാണ്, ഒരു സ്വപ്ന സാക്ഷാത്കാര നിമിഷം! ഷൂട്ടിങ്ങിനിടയിൽ എനിക്ക് ഒരു അപകടമുണ്ടായി, തലച്ചോറിന് ക്ഷതമേൽക്കുകവരെ ചെയ്തു. എങ്കിലും ഞങ്ങൾ മുന്നോട്ടുപോയി. വേദന, സ്ഥിരോത്സാഹം, സത്യസന്ധമായ അഭിനിവേശം എന്നിവ ഞങ്ങളെ മുന്നോട്ട് നയിച്ചു. ഇത് ഞങ്ങൾക്കൊരു സിനിമയല്ല. പൂർത്തിയാക്കണമെന്ന് ഞങ്ങൾ ദൃഢനിശ്ചയമെടുത്ത പോരാട്ടമാണ്' -ഹക്കിം ഇൻസ്റ്റഗ്രാമിൽ എഴുതി.

ഡീനോ ഡെന്നിസ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചത്. യു.എ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ട ചിത്രം തിയറ്റർ ഓഫ് ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. തിയറ്ററിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിൽ പ്രശസ്‌ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന പൊലീസ് ഓഫിസറായാണ് ഗൗതം മേനോൻ എത്തുന്നത്. സിദ്ധാർഥ് ഭരതൻ, ബാബു ആന്‍റണി, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്‌ഫടികം ജോർജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മിഥുൻ മുകുന്ദ് ആണ് സംഗീതം. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് നൗഫൽ അബ്ദുള്ള. നിർമാണ നിർവഹണം സഞ്ജു.ജെ. 

Tags:    
News Summary - hakim shajahan about bazooka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.