ജി. വേണുഗോപാൽ, ശ്രീകുമാരൻ തമ്പി

വിമർശനം; പിറന്നാൾ ദിനത്തിൽ മധുവിനെ കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി ജി. വേണുഗോപാൽ

ശ്രീകുമാരൻ തമ്പിയുടെ രൂക്ഷവിമർശനത്തിനു പിന്നാലെ നടൻ മധുവിന്റെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ തിരുത്ത് വരുത്തി ഗായകൻ ജി. വേണുഗോപാൽ. പുകഴ്ത്തുന്നതാണെന്ന മട്ടിൽ വേണുഗോപാൽ മധുവിനെ കുറിച്ച് എഴുതിയ കുറിപ്പ് അങ്ങേയറ്റം ഇകഴ്ത്തുന്നതാണെന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ വിമർശനം.

'അഭിവന്ദ്യനായ നടന്‍ മധുസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ ഞാന്‍ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതിയ ചില പരാമര്‍ശങ്ങള്‍ തെറ്റായിരുന്നുവെന്ന് ആദരണീയനും ഗുരുസ്ഥാനീയനുമായ ശ്രീകുമാരന്‍ തമ്പി സാര്‍ ചൂണ്ടിക്കാട്ടിയതിനെ മാനിച്ചുകൊണ്ട് എന്റെ ഫേസ്ബുക് പോസ്റ്റില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. വളരെ നല്ല ഉദ്ദേശശുദ്ധിയോടെ ഇട്ട പോസ്റ്റായിരുന്നു എങ്കിലും അതില്‍ മധുസാറിനോ കുടുംബത്തിനോ തമ്പിസാറിനോ മറ്റാര്‍ക്കെങ്കിലുമോ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു' - എന്ന് വേണുഗോപാല്‍ ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റിന് കമന്റില്‍ മറുപടി നല്‍കിയിട്ടുണ്ട്.

മധുവിന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും ഇന്നത്തെ സാമ്പത്തികസ്ഥിതിയെക്കുറിച്ചും വേണുഗോപാല്‍ എഴുതിയത് ശുദ്ധ അസംബന്ധമാണെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം. അടുത്ത ബന്ധുക്കളും വേണ്ടപ്പട്ടവരും നടന്‍ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്റെ പോസ്റ്റില്‍ ഉണ്ട്. വേണുഗോപാലിനെ പോലുള്ളവര്‍ ഇങ്ങനെ നിജസ്ഥിതി അറിയാതെ അപവാദം പറഞ്ഞു പരത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുന്നില്ല. വേണുഗോപാല്‍ പറഞ്ഞിരിക്കുന്ന മറ്റൊരു അസത്യം മധു ചേട്ടന്‍ സിനിമക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ എല്ലാം വിറ്റു തുലച്ചു എന്നതാണ്. എന്നാല്‍ മധുച്ചേട്ടന്‍ സിനിമക്ക് വേണ്ടി ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് സിനിമ അദ്ദേഹത്തിന് നേട്ടങ്ങളേ നല്‍കിയിട്ടുള്ളൂവെന്നുമായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്. 92 വർഷം അന്തസോടെ ജീവിച്ചയാളെ തരംതാഴ്ത്തിയത് കണ്ടപ്പോൾ ദുഃഖം തോന്നി​യെന്ന് മധുവിന്റെ മകൾ ഉമ നായരും ഫേസ്ബുക്കിൽകുറിക്കുകയുണ്ടായി.

വിമര്‍ശനത്തിന് പിന്നാലെ ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാട്ടിയ ഭാഗങ്ങള്‍ വേണുഗോപാല്‍ പോസ്റ്റില്‍നിന്ന് പൂർണമായും ഒഴിവാക്കി. മധുവിന്റെ കുടുംബസ്വത്ത് സംബന്ധിച്ച പരാമര്‍ശമാണ് അതില്‍ പ്രധാനം. മധു 'ഏകനായി താമസിക്കുന്ന ചെറിയ' വീട് എന്ന പരാമര്‍ശവും ഒഴിവാക്കിയതില്‍ ഉള്‍പ്പെടുന്നു. ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും പിന്‍വലിക്കാതെ തിരുത്തുകയാണ് ചെയ്തത്. 

Tags:    
News Summary - G. Venugopal edits Facebook post about Madhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.